കോട്ടയം|
jibin|
Last Updated:
വ്യാഴം, 25 ഓഗസ്റ്റ് 2016 (11:25 IST)
സിപിഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേരളാ കോൺഗ്രസ് (എം) ചെയര്‍മാന്‍ കെഎം മാണി.
തങ്ങള്‍ സ്വീകരിച്ചിരിക്കുന്ന നിലപാടില്‍ തുടര്‍ന്നും ഉറച്ചു നില്‍ക്കും. കേരളാ കോണ്‍ഗ്രസ് (എം) ഒരിടത്തേക്കും പോകില്ല. തങ്ങള്‍ എല്‍ഡിഎഫിലേക്കില്ല. അതിനാല്‍ സിപിഐ വിളറി പിടിക്കേണ്ട ആവശ്യമില്ല. പാര്‍ലമെന്റ് സീറ്റ് വിറ്റവരുടെ സ്വഭാവം തങ്ങള്‍ക്കില്ലെന്നും മാണി വ്യക്തമാക്കി.
യുഡിഎഫ് വിട്ടെങ്കിലും തങ്ങൾ ഇടതു മുന്നണിയിൽ ചേരുമോ ഇല്ലയോ എന്ന കാര്യത്തില്‍ സിപിഐ വിറളി പിടിക്കേണ്ട ആവശ്യമില്ലെന്ന് കേരളാ കോൺഗ്രസ് (എം) ജനറൽ സെക്രട്ടറി ജോയ് എബ്രഹാം ബുധനാഴ്‌ച പറഞ്ഞിരുന്നു.
പാർലമെന്റ് സീറ്റ് വിറ്റ് വരുമാനമുണ്ടാക്കിയ പാരമ്പര്യം കേരളാ കോൺഗ്രസിനില്ലെന്നും ജോയ് എബ്രഹാം കൂട്ടിച്ചേർത്തിരുന്നു. ഇതിന് പിന്നാലെയാണ് സിപിഐക്കെതിരെ മാണി തന്നെ രംഗത്തെത്തിയത്.
അതേസമയം, കോണ്‍ഗ്രസിലെ ഗ്രൂപ്പ് കലഹം യുഡിഎഫിനെ തകര്‍ത്തേക്കുമെന്ന് കേരളാ കോണ്‍ഗ്രസ് ബി നേതാവ് ജോണി നെല്ലൂര്‍ വ്യക്തമാക്കി. കോണ്‍ഗ്രസിനുള്ളില്‍ ഇപ്പോള്‍ ആഭ്യന്തര കലഹം രൂക്ഷമാണ്. കേരളാ കോണ്‍ഗ്രസ് (എം) നേതാവ് കെഎം മാണിയെ തിരികെ കൊണ്ടുവരാനുളള മധ്യസ്ഥ ശ്രമങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.