മാണിക്കൊപ്പം അടിയുറച്ച് പാര്‍ട്ടി; രാജി വെക്കേണ്ട ആവശ്യമില്ലെന്ന് തീരുമാനം

തിരുവനന്തപുരം| JOYS JOY| Last Modified വെള്ളി, 6 നവം‌ബര്‍ 2015 (17:38 IST)
ബാര്‍കോഴ കേസില്‍ വിജിലന്‍സ് അധികാരപരിധി ലംഘിച്ചുവെന്ന ഹൈക്കോടതി നിരീക്ഷണത്തിനു പിന്നാലെ ചേര്‍ന്ന കേരള കോണ്‍ഗ്രസ് (എം) അടിയന്തരയോഗത്തില്‍ മാണിക്ക് പൂര്‍ണപിന്തുണ. കേരള കോണ്‍ഗ്രസ് (എം) പാര്‍ട്ടിയില്‍ നിന്നുള്ള മുഴുവന്‍ എം എല്‍ എ മാരും രണ്ട് എം പിമാരും യോഗത്തില്‍ പങ്കെടുത്തു.

പാര്‍ട്ടി യോഗത്തിനു ശേഷം വര്‍ക്കിംഗ് ചെയര്‍മാന്‍ പി ജെ ജോസഫ് ആണ് യോഗതീരുമാനം മാധ്യമങ്ങളെ അറിയിച്ചത്. ബാര്‍കോഴ കേസില്‍ വിജിലന്‍സ് തുടരന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ അന്വേഷണം നടക്കട്ടെ, ഇതിന്റെ പേരില്‍ ധനകാര്യമന്ത്രി കെ എം മാണി രാജി വെക്കേണ്ട ആവശ്യമില്ല. ഇത്ര മാത്രമാണ് പാര്‍ട്ടി തീരുമാനമായി പി ജെ ജോസഫ് അറിയിച്ചത്.

തുടര്‍ന്ന് സംസാരിച്ച സര്‍ക്കാര്‍ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ കമ്മിറ്റി കൂടേണ്ട സമയത്ത് കൂടുമെന്നും ഇക്കാര്യത്തില്‍ പാര്‍ട്ടി ഒറ്റക്കെട്ടാണെന്നും പ്രതികരിച്ചു.

ബാര്‍ കോഴക്കേസില്‍ വിജിലന്‍സിന്‍റെ റിവിഷന്‍ ഹര്‍ജി പരിഗണിക്കവേ, ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് കോടതിവിധിയില്‍ അപാകതയില്ലെന്ന് ഹൈക്കോടതി വിലയിരുത്തിയിരുന്നു. വിജിലന്‍സ് എസ് പിയുടെ റിപ്പോര്‍ട്ടിന്‍‌മേല്‍ വിജിലന്‍സ് ഡയറക്ടര്‍ ഇടപെട്ടത് വിജിലന്‍സ് മാന്വലിന് വിരുദ്ധമാണെന്ന് കോടതി പരാമര്‍ശിക്കുകയും ചെയ്തിരുന്നു.

ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു കേരള കോണ്‍ഗ്രസ് അടിയന്തര പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്നത്. ഹര്‍ജിയില്‍ തിങ്കളാഴ്ച ഹൈക്കോടതി അന്തിമവിധി പുറപ്പെടുവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :