ലോക്‌സഭാ തിരഞ്ഞെടുപ്പ്: കെ.കെ.ശൈലജ മത്സരിക്കും

2019 ല്‍ കേരളത്തില്‍ രാഹുല്‍ ഗാന്ധി തരംഗം ആഞ്ഞടിച്ചപ്പോള്‍ പാര്‍ട്ടിക്ക് ശക്തമായ അടിത്തറയുള്ള കണ്ണൂര്‍ സീറ്റും സിപിഎമ്മിന് നഷ്ടമായിരുന്നു

രേണുക വേണു| Last Modified ശനി, 23 സെപ്‌റ്റംബര്‍ 2023 (09:30 IST)
2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥിയായി കെ.കെ.ശൈലജ മത്സരിക്കും. പാര്‍ട്ടിക്ക് മികച്ച വോട്ട് ബാങ്കുള്ള കണ്ണൂരോ വടകരയിലോ ശൈലജ മത്സരിക്കാനാണ് സാധ്യത. ശൈലജ ടീച്ചറുടെ ജനപ്രീത് വോട്ട് ബാങ്കായി മാറുമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ശൈലജയ്ക്ക് താല്‍പര്യക്കുറവില്ലെന്നാണ് സൂചന. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുക്കങ്ങള്‍ ആരംഭിക്കണമെന്ന് പാര്‍ട്ടി നേതൃത്വം ശൈലജയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

2019 ല്‍ കേരളത്തില്‍ രാഹുല്‍ ഗാന്ധി തരംഗം ആഞ്ഞടിച്ചപ്പോള്‍ പാര്‍ട്ടിക്ക് ശക്തമായ അടിത്തറയുള്ള കണ്ണൂര്‍ സീറ്റും സിപിഎമ്മിന് നഷ്ടമായിരുന്നു. ഇത്തവണ എന്ത് വില കൊടുത്തും കണ്ണൂര്‍ തിരിച്ചുപിടിക്കണമെന്നാണ് പാര്‍ട്ടി നയം. അതിനുവേണ്ടിയാണ് ശൈലജയെ തന്നെ രംഗത്തിറക്കാന്‍ സിപിഎം പദ്ധതിയിടുന്നത്.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച കെ.സുധാകരനാണ് കണ്ണൂരില്‍ വിജയിച്ചത്. പി.കെ.ശ്രീമതിയായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥി. 2014 ല്‍ സുധാകരനെ തോല്‍പ്പിച്ച് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വനിത നേതാവാണ് ശ്രീമതി. ഇത്തവണ ശ്രീമതിക്ക് പകരം ശൈലജ എത്തുമ്പോള്‍ എതിര്‍ സ്ഥാനാര്‍ഥിയായി സുധാകരന്‍ തന്നെ മത്സരിക്കുമോ എന്ന കാര്യം സംശയമാണ്.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :