'പിണറായി വിജയന്‍ നന്ദി പറയണം, നാട്ടിലെ സ്ത്രീകള്‍ക്ക്'; കാരണം ഇതാണ്

നെല്‍വിന്‍ വില്‍സണ്‍| Last Modified തിങ്കള്‍, 3 മെയ് 2021 (11:32 IST)

ഈ വിജയം ചരിത്രമാണ്! കാലാവധി പൂര്‍ത്തിയാക്കിയ ഒരു സര്‍ക്കാരിന് കേരളത്തില്‍ തുടര്‍ഭരണം ലഭിക്കുന്നത് ഇതാദ്യമായാണ്. വെറും വിജയമെന്ന് ഇതിനെ വിശേഷിപ്പിക്കാന്‍ സാധിക്കില്ല. കാരണം, 2016 നേക്കാള്‍ ഗംഭീര വിജയമാണ് കേരളത്തിലെ ജനങ്ങള്‍ പിണറായി വിജയന് സമ്മാനിച്ചത്. ഈ വിജയമൊരുക്കിയതിനു പിന്നില്‍ നിരവധി ഘടകങ്ങള്‍ ഉണ്ട്. അതില്‍ അധികം ചര്‍ച്ചയാകാത്തതും എന്നാല്‍ ഏറ്റവും സുപ്രധാനവുമായ ഘടകം കേരളത്തിലെ സ്ത്രീ വോട്ടര്‍മാരാണ്.

സ്ത്രീ വോട്ടുകള്‍ ഇടതുപക്ഷത്തേയ്ക്ക് കൃത്യമായി ഒഴുകി. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലും എല്‍ഡിഎഫ് മേല്‍ക്കൈ നേടിയത് സ്ത്രീ വോട്ടുകള്‍ അനുകൂലമായതോടെയാണ്. സ്ത്രീ വോട്ടുകള്‍ കൂടുതലായി പോള്‍ ചെയ്ത മിക്ക മണ്ഡലങ്ങളിലും ഇടത് സ്ഥാനാര്‍ഥി മികച്ച വിജയം നേടിയിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ക്ഷേമ പെന്‍ഷനും സൗജന്യ ഭക്ഷ്യക്കിറ്റും സ്ത്രീ വോട്ടര്‍മാര്‍ക്കിടയില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. എല്ലാ മാസവും ക്ഷേമ പെന്‍ഷന്‍ കൃത്യമായി കിട്ടുന്നത് പ്രായമായ സ്ത്രീകളില്‍ തങ്ങള്‍ കൂടുതല്‍ സ്വയംപര്യാപതത നേടിയെന്ന വികാരമുണ്ടാക്കി. തദ്ദേശ തിരഞ്ഞെടുപ്പിലും ക്ഷേമ പെന്‍ഷന്‍ വഹിച്ച പങ്ക് വളരെ വലുതാണ്.

കോവിഡ് മഹാമാരി സാമ്പത്തികമായി ശരാശരിയില്‍ താഴെ നില്‍ക്കുന്ന വീടുകളില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. ദിവസക്കൂലി കൊണ്ട് കാര്യങ്ങള്‍ മുന്നോട്ടുനീക്കിയിരുന്നവരുടെ കുടുംബ ബജറ്റ് താളം തെറ്റി. അത് സ്ത്രീകളെയാണ് വലിയ തോതില്‍ ബാധിച്ചത്. അങ്ങനെയിരിക്കുമ്പോഴാണ് സൗജന്യ ഭക്ഷ്യക്കിറ്റ് വീടുകളില്‍ എത്തുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് പുറത്തുവന്ന പല വീഡിയോകളിലും സോഷ്യല്‍ മീഡിയ പോസ്റ്റുകളിലും സൗജന്യ ഭക്ഷ്യക്കിറ്റ് തങ്ങളുടെ അടുക്കളകളെ എത്രത്തോളം സഹായിച്ചു എന്ന് വാചാലരാകുന്ന ആയിരക്കണക്കിനു വീട്ടമ്മമാരെ നാം കണ്ടു.

ശബരിമല വിഷയത്തില്‍ പിണറായി വിജയന്‍ സ്വീകരിച്ച നിലപാട് പോലും സ്ത്രീ വോട്ടുകളെ ആകര്‍ഷിക്കാന്‍ കാരണമായിട്ടുണ്ട്. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിന്ന് സ്ഥിതി മാറി. തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും സ്ത്രീ മുന്നേറ്റത്തെ കുറിച്ച് ചര്‍ച്ചകള്‍ ഉയര്‍ന്നു. കന്നി വോട്ടര്‍മാരായ വിദ്യാര്‍ഥിനികള്‍ക്കിടയില്‍ ശബരിമല യുവതീപ്രവേശനത്തെ പിന്തുണയ്ക്കുന്ന ഇടത് നിലപാട് വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. ഇതിനെ വളരെ പുരോഗമനപരമായ നിലപാടായി കന്നി വോട്ടര്‍മാരായ യുവതികള്‍ അംഗീകരിച്ചു.


മറുവശത്ത് സ്ത്രീ വോട്ടര്‍മാരെ അകറ്റുന്ന തരത്തിലാണ് പ്രതിപക്ഷം കളം നിറഞ്ഞത്. ക്ഷേമ പെന്‍ഷന്‍, സൗജന്യ ഭക്ഷ്യകിറ്റ് തുടങ്ങിയവയെ പരിഹസിക്കുന്ന നിലപാടായിരുന്നു ഉത്തരവാദിത്തപ്പെട്ട ചുമതലകള്‍ വഹിക്കുന്ന പ്രതിപക്ഷ നേതാക്കള്‍ വരെ സ്വീകരിച്ചത്. ജനങ്ങള്‍ക്കിടയില്‍ പ്രതിപക്ഷത്തെ അപഹാസ്യരാക്കിയത് ഈ നിലപാടാണ്. ജനങ്ങള്‍ക്ക് ഉപകാരമുള്ള കാര്യങ്ങളെ പ്രതിപക്ഷം എതിര്‍ക്കുന്ന എന്ന പൊതു വികാരം സംസ്ഥാനത്തുണ്ടാക്കാന്‍ എല്‍ഡിഎഫിന് സാധിച്ചു. ശബരിമലയിലെ യുവതീപ്രവേശനത്തെ എതിര്‍ത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കളം നിറയാനുള്ള പ്രതിപക്ഷ ശ്രമങ്ങള്‍ക്കും വന്‍ തിരിച്ചടിയുണ്ടായി.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :