അപർണ|
Last Updated:
ബുധന്‍, 5 ഡിസംബര്‍ 2018 (15:24 IST)
കെവിൻ വധക്കേസിൽ വീഴ്ച വരുത്തിയ പൊലീസുകാരെ പിരിച്ചുവിടുന്നതിനു നിയമതടസമില്ലെന്ന് ആഭ്യന്തര വകുപ്പ്. കോട്ടയം അഡ്മിനിസ്ട്രേഷന്‍ ഡിവൈഎസ്പിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും ബാക്കി നടപടികൾ.
കേസിൽ തുടക്കം മുതൽ വീഴ്ച വരുത്തിയ പൊലീസുകാരെ പിരിച്ചുവിടണോ തരംതാഴ്ത്തണോ എന്ന കാര്യത്തിൽ ഉടൻ തന്നെ തീരുമാനമാകും. കെവിനെ സാനു ചാക്കോയുടെ നേതൃത്വത്തിലുള്ള സംഘം വീട് കയറി ആക്രമിച്ചു തട്ടിക്കൊണ്ടുപോയത് അറിഞ്ഞിട്ടും നടപടിയെടുക്കാതിരുന്നവരാണു ഗാന്ധിനഗര്‍ സ്റ്റേഷനിലെ എസ്ഐ എം.എസ്. ഷിബു, എഎസ്ഐ ബിജു, ഡ്രൈവര്‍ അജയകുമാര്‍ എന്നിവര്‍.
പൊലീസ്കാരുടെ ഭാഗത്ത് നിന്നുമുണ്ടായ വീഴ്ചയ്ക്കു സസ്പെന്‍ഷന്‍ മാത്രം പോരാ, ജോലിയിൽ നിന്നും പിരിച്ചുവിടണം എന്ന കടുത്ത നടപടിയിലേക്ക് നീങ്ങാനാണ് സർക്കാരിന്റെ തീരുമാനം. അതിന്റെ നിയമസാധുത പരിശോധിക്കാന്‍ മുഖ്യമന്ത്രി ആഭ്യന്തര സെക്രട്ടറിയോടും ഡിജിപിയോടും നിര്‍ദേശിച്ചിരുന്നു. കേരള പൊലീസ് ആക്ടില്‍ 2012ല്‍ കൊണ്ടുവന്ന ഭേദഗതി പ്രകാരം വകുപ്പ് തല അന്വേഷണം നടത്തി പിരിച്ചുവിടാനാവും.
പിരിച്ചുവിടുന്നതിനു മുൻപ് ആരോപണ വിധേയരുടെ വിശദീകരണം വാങ്ങണമെന്നും ചട്ടത്തില്‍ പറയുന്നു. ഇതിന്റെ ഭാഗമായി 15 ദിവസത്തിനകം വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ട് ആരോപണവിധേയര്‍ക്കു കാരണം കാണിക്കല്‍ നോട്ടിസ് നല്‍കും.