കെവിന്റെ കൊലപാതകം: ഐ ജി വിജയ് സാഖറെയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും

Sumeesh| Last Modified തിങ്കള്‍, 28 മെയ് 2018 (20:19 IST)
കെവിൻ ജോസഫിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. ഐ ജി വിജയ് സാഖറെയുടെ
നേതൃത്വത്തിൽ നാല് പ്രത്യേക സ്‌ക്വാഡുകൾ അന്വേഷണം നടത്തും. സി ബി സി ഐ ഡിയുടെ രണ്ട് സംഘങ്ങളും കൊല്ലം കോട്ടയം ജില്ലകളിൽ മറ്റു രണ്ട് സംഘങ്ങളുമാണ് അന്വേഷണം നടത്തുക. കെവിനെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച വാഹനം പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ഇന്നലെയാണ് കെവിനെ വധുവിന്റെ സഹോദരൻ അടങ്ങുന്ന സംഘം തട്ടിക്കൊണ്ടുപോകുന്നത്. തുടർന്ന് ഇന്ന് രാവിലെ തെന്മലക്കടുത്ത് വച്ച് കെവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. എന്നാൽ സംഭവത്തിൽ അന്വേഷണം നടത്താൻ പൊലീസ് തയ്യാറാവുന്നില്ലെന്ന് കെവിന്റെ ബന്ധുക്കൾ ഇന്നലെ ആരോപിച്ചിരുന്നു. സംഭവത്തിൽ കേസെടുത്ത് അന്വേഷിക്കുന്ന കാര്യത്തിൽ പൊലീസിന് വീഴ്ച പറ്റിയെന്ന് ഐ ജി അറിയിച്ചു. കെവിന്റെ ശരീരത്ത് മുറിവേറ്റ പാടുകൾ ഉണ്ടെന്ന് പൊലീസ് കണ്ടെത്തി.

സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. തട്ടിക്കൊണ്ടുപോയത് സംഘത്തിലെ ഇഷാനാണ് പൊലീസ് പിടിയിലായത്. വധു കൊല്ലം തെന്മല ഒറ്റക്കൽ സാനുഭവനിൽ നീനു ചാക്കോ(20)യുടെ പരാതിയിൽ സഹോദരൻ ഷാനു ചാക്കോ ഉൾപ്പെടെ കണ്ടാലറിയാവുന്ന 10 പേർക്കെതിരെ ഗാന്ധിനഗർ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

ഞായറാഴ്ച പുലർച്ചെയാണ് പത്തംഗ സായുധസംഘം വീടാക്രമിച്ചു കെവിനെ തട്ടിക്കൊണ്ടുപോയത്. നീനുവും കെവിനും തമ്മിൽ മൂന്നു വർഷമായി പ്രണയത്തിലായിരുന്നു. മറ്റൊരു വിവാഹം നടത്താൻ ബന്ധുക്കൾ ഉറപ്പിച്ചതോടെ നീനു കെവിനൊപ്പം ഇറങ്ങിപ്പോരുകയായിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :