അഭിറാം മനോഹർ|
Last Modified ഞായര്‍, 7 ഡിസംബര്‍ 2025 (09:49 IST)
തീവ്രവോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി മരിച്ചവരും കണ്ടെത്താനാവാത്തവരുമുള്‍പ്പടെ ബിഎല്‍ഒമാരുടെ പട്ടികയിലുള്ളത് ലക്ഷകണക്കിന് വോട്ടര്‍മാര്‍. മരിച്ചവരുടെ പട്ടികയിലുള്ളവര്‍ മരണപ്പെട്ടവരാണോ, സ്ഥലം മാറിപോയവരെന്ന് പറയുന്നവരുടെ വിവരങ്ങള്‍ കൃത്യമാണോ തുടങ്ങിയവ പരിശോധിക്കാന്‍ ബിഎല്‍ഒമാരും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ബിഎല്‍ഒമാരും യോഗം ചേരുമെന്ന് മുഖ്യതിരെഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു കേല്‍ക്കര്‍ വ്യക്തമാക്കി.
ശനിയാഴ്ച 10 വരെയുള്ള കണക്കുകള്‍ പ്രകാരം മരിച്ചവര്‍(6,11,559- 2.2 ശതമാനം), കണ്ടെത്താനാവാത്തവര്‍(5,66,172- 2.03 ശതമാനം),
സ്ഥിരമായി താമസംമാറിയര്‍ (7,39,205-2.65 ശതമാനം), ഒന്നില്‍ക്കൂടുതല്‍ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ (1,12,569-0.40 ശതമാനം), മറ്റുള്ളവര്‍ (45,866-0.16 ശതമാനം) എന്നിവരുള്‍പ്പടെ 20,75,381(7.45 ശതമാനം) പേരാണുള്ളത്. ശനിയാഴ്ച വൈകീട്ടോടെ ഈ കണക്ക് 21 ലക്ഷം കടന്നു. എന്യൂമറേഷന്‍ ഫോം കൈപ്പറ്റാത്തവരോ വാങ്ങിയിട്ടും തിരികെ നല്‍കാന്‍ വിസമ്മതിച്ചവരോ ആണ് മറ്റുള്ളവരുടെ വിഭാഗങ്ങളില്‍ വരുന്നത്.
എന്യൂമറേഷന്‍ ഫോറം പൂരിപ്പിച്ചുനല്‍കിയെങ്കിലും ലക്ഷങ്ങള്‍ക്ക് രേഖകള്‍ ഹാജരാക്കാനും ഹിയറിങ്ങിനും നോട്ടീസ് കിട്ടാന്‍ സാധ്യതയുള്ളതായുമാണ് കണക്കാക്കുന്നത്. അങ്ങനെയെങ്കില്‍ 35 ലക്ഷമെങ്കിലും വോട്ടര്‍പട്ടികയില്‍ നിന്ന് പുറത്താകുമെന്നാണ് രാഷ്ട്രീയപാര്‍ട്ടികള്‍ പറയുന്നത്.