കേരളം കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക്; ഇളവുകള്‍ കുറയ്ക്കണമെന്ന് കേന്ദ്രസംഘം

രേണുക വേണു| Last Modified ബുധന്‍, 11 ഓഗസ്റ്റ് 2021 (08:44 IST)

സംസ്ഥാനത്ത് ഇന്നുമുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രാദേശിക ലോക്ക്ഡൗണ്‍ കര്‍ശനമാക്കണമെന്നാണ് കേന്ദ്രസംഘവും അറിയിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് നഗര-ഗ്രാമ അന്തരം ഇല്ലാത്തത് കോവിഡ് വ്യാപനത്തിനു കാരണമായെന്ന് കേന്ദ്രസംഘം ചൂണ്ടിക്കാട്ടി. 55 ശതമാനം പേര്‍ക്കെങ്കിലും കേരളത്തില്‍ കോവിഡ് ബാധിച്ചിട്ടില്ല. കേരളത്തില്‍ മുതിര്‍ന്ന പൗരന്‍മാരുടെ എണ്ണം കൂടുതലാണ്. കൂടുതല്‍ ഇളവുകള്‍ രോഗവ്യാപനം വര്‍ധിപ്പിക്കും. പ്രാദേശിക ലോക്ക്ഡൗണ്‍ കര്‍ശനമാക്കണം. ഇപ്പോള്‍ നല്‍കിയിരിക്കുന്ന ഇളവുകള്‍ വെല്ലുവിളിയെന്നും കേന്ദ്രസംഘത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

കേന്ദ്രസംഘത്തിന്റെ റിപ്പോര്‍ട്ട് കൂടി കണക്കിലെടുത്ത് പ്രാദേശിക ലോക്ക്ഡൗണ്‍ കര്‍ശനമാക്കാന്‍ സംസ്ഥാനവും ആലോചിക്കുന്നു. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (ഡബ്‌ള്യു.ഐ.പി.ആര്‍.) എട്ടിനുമുകളിലുള്ള പ്രദേശങ്ങളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് അവലോകനയോഗത്തില്‍ പറഞ്ഞു. മുന്‍പ് ഡഡബ്‌ള്യു.ഐ.പി.ആര്‍. പത്തിനുമുകളിലുള്ള പ്രദേശങ്ങളിലാണ് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നത്. ഇത്തരത്തിലുള്ള 266 വാര്‍ഡുകളാണുണ്ടായിരുന്നത്. പുതുക്കിയ മാനദണ്ഡങ്ങള്‍ വ്യാഴാഴ്ച നിലവില്‍വരും.

ഡബ്‌ള്യു.ഐ.പി.ആര്‍. നിരക്ക് 14 ല്‍ കൂടുതലുള്ള ജില്ലകളില്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍ 50 ശതമാനത്തില്‍ അധികം വര്‍ധിപ്പിക്കും. ഓണത്തിന് ആള്‍ക്കൂട്ടമുണ്ടാവുന്ന പരിപാടികള്‍ അനുവദിക്കില്ല. ബീച്ചുകളില്‍ നിയന്ത്രണമുണ്ടാകും. ലൈസന്‍സ് ഉള്ളവര്‍ക്കു മാത്രമാകും വഴിയോരക്കച്ചവടം അനുവദിക്കുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :