തിരുവനന്തപുരം|
vishnu|
Last Modified തിങ്കള്‍, 2 ഫെബ്രുവരി 2015 (09:06 IST)
വരുന്ന വേനലില്‍ കേരളം ചുട്ടുപൊള്ളുകമാത്രമല്ല, വരണ്ടുണങ്ങുമെന്നും റിപ്പോര്‍ട്ട്. കേരളത്തിലെ 65 ശതമാനം പ്രദേശങ്ങളും ഇത്തവണ കൊടിയ വരള്‍ച്ചയുടെ പിടിയിലാകുമെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാന ദുരന്തനിവാരണ കേന്ദ്രമാണ് കേരളം അഭിമുഖീകരിക്കാന്‍ പോകുന്ന കൊടും വേനലിലേക്ക് വിരള്‍ചൂണ്ടിയിരിക്കുന്നത്. പതിവില്‍ക്കൂടുതല്‍ മഴ ഇത്തവണ കേരളത്തില്‍ ലഭിച്ചിരുന്നു. എന്നാല്‍ ഇത്തവണ കുടിവെള്ളം കണികാണാന്‍ പോലും സാധിക്കില്ല എന്നാണ് ദുരന്ത നിവാരണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.
കേരളത്തില്‍ ശരാശരി 203 സെമി മഴ ലഭിക്കേണ്ട സ്ഥാനത്ത് കഴിഞ്ഞ തെക്കുപടിഞ്ഞാറന്‍ മഴ സീസണില്‍ 216 സെമി മഴ ലഭിച്ചു. ആറു ശതമാനം കൂടുതല്‍. എന്നാല്‍ ആലപ്പുഴ ഉള്‍പ്പെടെ പല ഭാഗങ്ങളിലും ജനുവരി തീരും മുന്‍പുതന്നെ ശുദ്ധജലക്ഷാമം തുടങ്ങി. വേനല്‍ ആരംഭിക്കുമ്പോള്‍ ആലപ്പുഴയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാകുകയും ജലജന്യ രോഗങ്ങള്‍ പെരുകുകയും ചെയ്യുമെന്നാണ് മുന്നറിയിപ്പ്. കേരളത്തിന്റെ 2.5 ശതമാനം സ്ഥലം കൊടുംവരള്‍ച്ചാമേഖലയായി മാറിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കൊടുംവരള്‍ച്ചാമേഖലകളില്‍ വയനാടാണ് മുന്നില്‍. വയനാട്ടിലെ 12.1 ശതമാനം മേഖലയാണ് ഈ വിഭാഗത്തില്‍പ്പെടുന്നത്. കൊല്ലത്തിന്റെ എട്ടുശതമാനവും പാലക്കാട്, ഇടുക്കി, തിരുവനന്തപുരം ജില്ലകളുടെ നാലുശതമാനവും കൊടുംവരള്‍ച്ചാമേഖലകളാണ്. നേരിയ വരള്‍ച്ചാമേഖല 23 ശതമാനം. കേരളത്തിലെ വരള്‍ച്ചാസാധ്യതയില്ലാത്ത മേഖല വെറും 10 ശതമാനം മാത്രം. കോട്ടയമാണ് വരള്‍ച്ച ഏറ്റവും കുറഞ്ഞ ജില്ല.
കഴിഞ്ഞ വര്‍ഷം ലഭിച്ച മഴയുടെ അളവ്, ഭൂജലനിരപ്പിന്റെ അളവ്, ഉപഗ്രഹചിത്രങ്ങള്‍, ശുദ്ധജലവിതരണത്തിന്റെ വിവരങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് ദുരന്ത നിവാരണ കേന്ദ്രം റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇതുപ്രകാരം കേരളത്തിലെ ഏതാണ്ട് 65 ശതമാനം മേഖലകളും വരള്‍ച്ചയുടെ പിടിയിലായിക്കഴിഞ്ഞു എന്നാണ് സൂചന.