സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 10 ജൂലൈ 2024 (09:18 IST)
സ്‌കൂളുകള്‍ക്ക് ശനിയാഴ്ച അവധി നല്‍കാന്‍ സാധിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വിദ്യാഭ്യാസ ചട്ടം അനുസരിച്ച് പ്രവൃത്തി ദിനം 220 ദിവസം വേണമെന്നാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് ഈ വര്‍ഷത്തെ കലണ്ടര്‍ തയ്യാറാക്കിയത്. കൂടാതെ ശനിയാഴ്ച പ്രവര്‍ത്തി ദിനമാക്കിയതില്‍ കുട്ടികള്‍ സന്തോഷമുള്ളവരാണെന്നും മന്ത്രി പറഞ്ഞു. 2024-25 അധ്യയന വര്‍ഷത്തില്‍ അക്കാദമിക് കലണ്ടര്‍ പ്രകാരം 25 ശനിയാഴ്ചകള്‍ പ്രവൃത്തി ദിനമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇതില്‍ ക്ലസ്റ്റര്‍ പരിശീലനത്തിനായി ആറ് ശനിയാഴ്ചകളാണ് നീക്കി വച്ചിരിക്കുന്നത്. 220 പ്രവര്‍ത്തി ദിനങ്ങളുള്ള വിദ്യാഭ്യാസ കലണ്ടറില്‍ ആഴ്ചയില്‍ ആറ് പ്രവര്‍ത്തി ദിനം വരുന്ന തരത്തിലുള്ള ഏഴു ശനിയാഴ്ചകള്‍ മാത്രമാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. നേരത്തേ ഈവര്‍ഷത്തെ അക്കാദമിക് കലണ്ടറില്‍ 220 പ്രവൃത്തി ദിനങ്ങള്‍ ഉള്‍പ്പെടുത്തിയതിനെതിരെ അധ്യാപക സംഘടനകള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. അതിലുള്ള കോടതി നടപടിക്രമം പൂര്‍ത്തിയായാല്‍ മാത്രമേ വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കാന്‍ സാധിക്കുള്ളുവെന്നും മന്ത്രി പറഞ്ഞു.