ഇനി രാഷ്‌ട്രീയ യാത്രകളുടെ കാലം; ജനരക്ഷായാത്രയ്ക്ക് ഇന്ന് തുടക്കം

കാസര്‍കോട്| JOYS JOY| Last Modified തിങ്കള്‍, 4 ജനുവരി 2016 (10:40 IST)
നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ സംസ്ഥാനത്ത് ഇനി രാഷ്‌ട്രീയ യാത്രകളുടെ കാലം. കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍ നയിക്കുന്ന ഇന്ന് കാസര്‍കോട് നിന്ന് ആരംഭിക്കും. കാസര്‍കോട് കുമ്പളയില്‍ ആണ് ജനരക്ഷായാത്ര ഉദ്ഘാടനം ചെയ്യുക. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വി എം സുധീരന് ത്രിവര്‍ണ പതാക കൈമാറി യാത്ര ഉദ്ഘാടനം ചെയ്യും.

അന്തരിച്ച കോണ്‍ഗ്രസ് നേതാവും മുന്‍ എം പിയുമായ ഐ രാമറൈയുടെ പേരിലാണ് ഉദ്ഘാടന ചടങ്ങിനുള്ള വേദി കുമ്പളയില്‍ ഒരുക്കിയിരിക്കുന്നത്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ചടങ്ങില്‍ അധ്യക്ഷനായിരിക്കും. കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക് മുഖ്യപ്രഭാഷണം നടത്തും.

മന്ത്രിമാരായ കെ ബാബു, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ സി ജോസഫ്, എ പി
അനില്‍കുമാര്‍, വി എസ് ശിവകുമാര്‍, ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി, നേതാക്കളായ എം എം ഹസന്‍, തമ്പാനൂര്‍ രവി, വി ഡി സതീശന്‍, പീതാംബരക്കുറുപ്പ്, ശരത്ചന്ദ്രപ്രസാദ്, രഘുചന്ദ്രബാല്‍, പന്തളം സുധാകരന്‍, അന്‍വര്‍ സാദത്ത്, ശൂരനാട് രാജശേഖരന്‍, കെ സി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, എ സി ജോസ് എന്നിവര്‍ പങ്കെടുക്കും.

സി പി എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ നയിക്കുന്ന നവകേരള മാര്‍ച്ച് ജനുവരി 15നും മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി നയിക്കുന്ന കേരള യാത്ര 24നും കാസര്‍കോട് ഉപ്പളയില്‍ നിന്ന് തുടങ്ങും. സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നയിക്കുന്ന ജാഥ 27ന് ആരംഭിക്കും.
കൂടാതെ, ബി ജെ പി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍റെ നേതൃത്വത്തിലുള്ള ജാഥയും കേരളം കാണും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :