Rijisha M.|
Last Modified വ്യാഴം, 18 ഒക്‌ടോബര്‍ 2018 (18:04 IST)
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടുണ്ടാകുന്ന ആക്രമണത്തിൽ പലരും ഇപ്പോൾ കേരളാ പൊലീസിനെയാണ് പഴികാരുന്നത്. നിരവധി പോസ്‌റ്റുകളും മറ്റുമാണ് സോഷ്യൽ മീഡിയയിൽ പൊലീസുകാർക്കെതിരെ വരുന്നത്. എന്നാൽ ഇത്തരം പഴിചാരലിന് മറുപടിയുമായി കേരള പൊലീസ് എത്തിയിരിക്കുകയാണ്.
ഇരുമുടിക്കെട്ടിന് പകരം കരിങ്കല്ലും കുറുവടിയുമായി വരുന്നവര്‍ മാത്രം ഞങ്ങളെ പേടിച്ചാല്‍ മതിയെന്നും അപവാദങ്ങളില്‍ തളരാതെ സമാധാനം കാത്തുസൂക്ഷിക്കുമെന്നും കേരള പൊലീസ് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
ഗൂഢലക്ഷ്യങ്ങളോടെ സമൂഹമാധ്യമങ്ങൾ വഴിയും അല്ലാതെയും നടത്തുന്ന വ്യാജപ്രചാരണങ്ങൾ നമ്മൾ തിരിച്ചറിയേണ്ടതുണ്ട്. ലഹളയ്ക്കായുള്ള ആഹ്വാനങ്ങളും, വർഗ്ഗീയത പരത്തുന്ന സാമൂഹ്യ മാധ്യമ പോസ്റ്റുകളും, വ്യാജ വാർത്തകളും പ്രചരിപ്പിക്കുന്നത് ശിക്ഷാർഹമാണെന്നും പോസ്‌റ്റിൽ പറയുന്നു.
പോസ്‌റ്റിന്റെ പൂർണ്ണരൂപം:-
നമ്മുടെ നാടിൻറെ സമാധാനന്തരീക്ഷം കാത്തുസൂക്ഷിക്കേണ്ടത് പോലീസിനോടൊപ്പം നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. ഗൂഢലക്ഷ്യങ്ങളോടെ സമൂഹമാധ്യമങ്ങൾ വഴിയും അല്ലാതെയും നടത്തുന്ന വ്യാജപ്രചാരണങ്ങൾ നമ്മൾ തിരിച്ചറിയേണ്ടതുണ്ട്. ലഹളയ്ക്കായുള്ള ആഹ്വാനങ്ങളും, വർഗ്ഗീയത പരത്തുന്ന സാമൂഹ്യ മാധ്യമ പോസ്റ്റുകളും, വ്യാജ വാർത്തകളും പ്രചരിപ്പിക്കുന്നത് ശിക്ഷാർഹമാണ്. നമ്മുടെ നാടിൻറെ സമാധാനം കാത്തുസൂക്ഷിക്കുന്നതിനു ഒറ്റക്കെട്ടായി നമുക്ക് കാവലാളാകാം. വ്യാജ വാർത്തകളും സ്പർദ്ധ വളർത്തുന്ന പോസ്റ്റുകളും ഷെയർ ചെയ്യാതിരിക്കുക.