രേണുക വേണു|
Last Modified ചൊവ്വ, 13 ജൂലൈ 2021 (16:25 IST)
സംസ്ഥാനത്ത് ലഘുമേഘവിസ്‌ഫോടനം; ശക്തമായ മഴ തുടരും
സംസ്ഥാനത്ത് ഇന്നലെ രാത്രിയും ഇന്ന് പുലര്‍ച്ചയുമായി ലഘുമേഘവിസ്ഫോടനം. അതിശക്തമായ കാറ്റിലും മഴയിലും മൂന്ന് ജില്ലകളില്‍ വന്‍ നാശനഷ്ടം. ഇടുക്കി, പത്തനംതിട്ട, എറണാകുളം ജില്ലകളിലാണ് വന്‍ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം, കേരളത്തില്‍ ശക്തമായ മഴ തുടരും. ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, ആലപ്പുഴ ജില്ലകള്‍ ഒഴികെ 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ത്യയിലെ ആദ്യ കോവിഡ് രോഗിക്ക് വീണ്ടും കോവിഡ്
ഇന്ത്യയില്‍ ആദ്യമായി കോവിഡ് സ്ഥിരീകരിച്ച മെഡിക്കല്‍ വിദ്യാര്‍ഥിനിക്ക് കോവിഡ്. വുഹാന്‍ സര്‍വകലാശാലയിലെ മെഡിക്കല്‍ വിദ്യാര്‍ഥിനിയായ തൃശൂര്‍ സ്വദേശിനിക്കാണ് നാല് ദിവസം മുന്‍പ് വീണ്ടും കോവിഡ് സ്ഥിരീകരിച്ചത്. പഠന സംബന്ധമായ ആവശ്യത്തിനു ഡല്‍ഹിയിലേക്കു പോകാനുള്ള വിമാനയാത്രയ്ക്കു മുന്‍പ് കോവിഡ് ടെസ്റ്റ് നടത്തിയപ്പോഴാണ് രോഗബാധിതയായ വിവരം അറിയുന്നത്. 2020 ജനുവരി 31 നാണ് ഈ പെണ്‍കുട്ടിക്ക് ആദ്യമായി കോവിഡ് സ്ഥിരീകരിച്ചത്. ഇന്ത്യയിലെ തന്നെ ആദ്യ കേസായിരുന്നു അത്.
കിറ്റെക്‌സ് കമ്പനിക്കെതിരെ തൊഴില്‍വകുപ്പിന്റെ റിപ്പോര്‍ട്ട്
കിറ്റെക്‌സ് കമ്പനിയില്‍ ഗുരുതരമായ തൊഴില്‍ ലംഘനങ്ങള്‍ നടക്കുന്നതായി തൊഴില്‍വകുപ്പിന്റെ റിപ്പോര്‍ട്ട്. തൊഴിലാളികള്‍ക്കായി വേണ്ടത്ര ശുചിമുറികള്‍ ഇല്ല, മിനിമം വേതനം പോലും തൊഴിലാളികള്‍ക്ക് ലഭിക്കുന്നില്ല, അവധി ദിനത്തിലും ജീവനക്കാരെ ജോലി ചെയ്യിക്കുന്നു തുടങ്ങി 73 കുറ്റങ്ങളാണ് തൊഴില്‍വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ ഉള്ളത്.
പ്രധാന പാതയോരങ്ങളില്‍ നിന്നും മദ്യവില്‍പന ശാലകള്‍ ഒഴിവാക്കണം: നിര്‍ദേശവുമായി ഹൈക്കോടതി
സംസ്ഥാനത്ത് പ്രധാന പാതയോരങ്ങളില്‍ മദ്യശാലകള്‍ സ്ഥാപിക്കുന്നതിനെതിരെ ഹൈക്കോടതി. ആള്‍തിരക്കില്ലാത്ത പ്രദേശങ്ങളില്‍ ബെവ്കോ ഔട്ട്ലറ്റുകള്‍ സ്ഥാപിക്കുന്നതിനെ പറ്റി സര്‍ക്കാര്‍ ഗൗരവകരമായി ആലോചിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. മദ്യവില്‍പനശാലകളിലെ ആള്‍ക്കൂട്ടം സംബന്ധിച്ച് ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് നിരീക്ഷണം.
മന്ത്രി കെ.രാധാകൃഷ്ണന് വധഭീഷണി
പട്ടികജാതി വകുപ്പിലെ അഴിമതി അന്വേഷിക്കാന്‍ നടപടിയെടുത്തതോടെ തനിക്ക് വധഭീഷണിയുണ്ടായെന്ന് മന്ത്രി കെ.രാധാകൃഷ്ണന്‍. ലാന്‍ഫോണില്‍ വിളിച്ചാണ് മന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയത്. അഴിമതിക്കാര്‍ക്കെതിരെ നടപടികള്‍ തുടങ്ങിയതോടെ ഭീഷണി ഉണ്ടെന്ന് കഴിഞ്ഞ ദിവസവും മന്ത്രി പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് ഫോണില്‍ വിളിച്ചു വധഭീഷണി ഉണ്ടായതെന്ന് മന്ത്രി തന്നെ വെളിപ്പെടുത്തിയത്.
സംസ്ഥാനത്തെ മുഴുവന്‍ ഗര്‍ഭിണികള്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കും
സംസ്ഥാനത്തെ മുഴുവന്‍ ഗര്‍ഭിണികള്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കാന്‍ 'മാതൃകവചം' എന്ന പേരില്‍ കാമ്പയിന്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മാതൃകവചം കാമ്പയിനിന്റെ ഭാഗമായി വാര്‍ഡ് തലത്തില്‍ ആശ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മുഴുവന്‍ ഗര്‍ഭിണികളേയും വാക്‌സിനേഷനായി രജിസ്റ്റര്‍ ചെയ്യിക്കും.
കേരളത്തില്‍ ശനി, ഞായര്‍ ലോക്ക്ഡൗണ്‍ തുടരും
സംസ്ഥാനത്ത് വാരാന്ത്യ ലോക്ക്ഡൗണ്‍ തുടരാന്‍ തീരുമാനം. കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ ശനി, ഞായര്‍ നിയന്ത്രണങ്ങള്‍ ഉടന്‍ ഒഴിവാക്കേണ്ട എന്ന് സര്‍ക്കാര്‍ തീരുമാനിച്ചു.
തിങ്കള്‍ മുതല്‍ വെള്ളി വരെ ബാങ്കുകള്‍ പ്രവര്‍ത്തിക്കും
കേരളത്തില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ്. ബാങ്കുകളില്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ ഇടപാടുകാര്‍ക്ക് പ്രവേശനം അനുവദിക്കും. നേരത്തെ ഇത് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ മാത്രമായിരുന്നു. ടിപിആര്‍ നിരക്ക് 15 വരെയുള്ള മേഖലകളില്‍ ഇനിമുതല്‍ രാത്രി എട്ടുവരെ കടകള്‍ തുറക്കാം. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.
സംസ്ഥാനത്തെ സ്ത്രീസുരക്ഷയ്ക്കായി ഗവര്‍ണര്‍ ഉപവസിക്കുന്നു
സംസ്ഥാനത്ത് സ്ത്രീസുരക്ഷക്കായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉപവസിക്കുന്നു. നാളെ രാവിലെ എട്ടു മണി മുതല്‍ വൈകിട്ട് ആറുമണിവരെ ഗാന്ധി സ്മാരകനിധി സംഘടിപ്പിക്കുന്ന ഉപവാസ സമരത്തിലാണ് ഗവര്‍ണരും പങ്കുചേരുന്നത്. സംസ്ഥാനത്ത് സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നതിനെതിരെയാണ് ഗാന്ധിയന്‍സംഘടനകള്‍ സംസ്ഥാനവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുന്നത്.