ജൂലൈ ഏഴ്: ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍

രേണുക വേണു| Last Modified ബുധന്‍, 7 ജൂലൈ 2021 (15:57 IST)

കെട്ടിട നിര്‍മാണ പെര്‍മിറ്റ് ലഭ്യമാക്കുന്ന നടപടികള്‍ ഇനി വേഗത്തില്‍

ഉടമയുടെ സ്വയം സാക്ഷ്യപ്പെടുത്തലിലൂടെ കെട്ടിട നിര്‍മാണ പെര്‍മിറ്റ് ലഭ്യമാക്കുന്ന നടപടികള്‍ക്ക് തുടക്കം കുറിച്ച് കേരള സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്. ലോ റിസ്‌ക്ക് ഗണത്തിലുള്ള 300 ചതുരശ്ര മീറ്റര്‍ വരെ വിസ്തൃതിയുള്ള ഗാര്‍ഹിക കെട്ടിടങ്ങള്‍, 100 ചതുരശ്ര മീറ്റര്‍ വരെ വിസ്തൃതിയുള്ള വാണിജ്യ കെട്ടിടങ്ങള്‍, 200 ചതുരശ്ര മീറ്റര്‍ വരെ വിസ്തൃതിയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഹോസ്റ്റലുകള്‍, മതപരമായ കെട്ടിടങ്ങള്‍, വൃദ്ധസദനങ്ങള്‍ എന്നിവയ്ക്കാണ് സ്വയം സാക്ഷ്യപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ നിര്‍മാണ പെര്‍മിറ്റ് നല്‍കാന്‍ ഉദ്ദേശിക്കുന്നത്.

രാജ്യത്തെ കോവിഡ് രോഗികളില്‍ അഞ്ചിലൊന്നും കേരളത്തില്‍

കേരളത്തിലെ കോവിഡ് വ്യാപനം വന്‍ ആശങ്കയായി തുടരുന്നു. രാജ്യത്തെ ആകെ രോഗികളില്‍ അഞ്ചിലൊന്നും കേരളത്തില്‍. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണമെടുത്താലും രാജ്യത്ത് ഒരു ദിവസം പോസിറ്റീവ് ആകുന്ന ആകെ രോഗികളില്‍ മൂന്നിലൊന്നും കേരളത്തില്‍ നിന്നാണ്. വീടുകളിലെ രോഗവ്യാപനം 100 ശതമാനത്തോളമെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഇടവിട്ടുളള ദിവസങ്ങളിലെ നിയന്ത്രണങ്ങള്‍ പൊതുനിരത്തിലും കടകളിലും തിരക്കു വര്‍ധിക്കാന്‍ കാരണമാകുന്നുവെന്നും വിമര്‍ശനമുണ്ട്.

ഭീഷണിയായി വീടുകളിലെ കോവിഡ് വ്യാപനം

കേരളത്തില്‍ വീടുകളിലെ കോവിഡ് വ്യാപനം നിയന്ത്രണാതീതം. വീടുകളിലെ രോഗവ്യാപനം 100 ശതമാനത്തോളമെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. കുടുംബത്തിലൊരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചാല്‍ എല്ലാവരും പോസിറ്റീവ് ആകുന്ന സ്ഥിതി വിശേഷമുണ്ട്. വീടുകളില്‍ ക്വാറന്റൈന്‍ നിയന്ത്രണങ്ങള്‍ കൃത്യമായി പാലിക്കപ്പെടാത്തതും സാമൂഹിക അകലം പാലിക്കാത്തതുമാണ് ഇങ്ങനെയൊരു അവസ്ഥയ്ക്ക് കാരണം. വീടുകളില്‍ മാസ്‌ക് ധരിക്കണമെന്ന് നിര്‍ദേശമുണ്ടെങ്കിലും പലയിടത്തും അതൊന്നും നടക്കുന്നില്ല. വീടുകളിലെ രോഗവ്യാപനം കാരണമാണ് കേരളത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് താഴാത്തത്. സമ്പര്‍ക്കപ്പട്ടികയിലുള്ളവരെ കണ്ടെത്തുന്നതിലും നിരീക്ഷണത്തിലാക്കുന്നതിലും ജാഗ്രത വേണമെന്ന് കേരളം സന്ദര്‍ശിക്കുന്ന കേന്ദ്ര സംഘം നിര്‍ദേശം നല്‍കിയിട്ടുണ്ട്. രോഗം വരാന്‍ സാധ്യതയുളളവരുടെ എണ്ണം കൂടുതലായതിനാല്‍ അതീവകരുതല്‍ വേണമെന്നാണ് വിദഗ്ധരുടെ നിര്‍ദേശം.

കെ.എം.ഷാജിയെ ചോദ്യം ചെയ്തു വിട്ടയച്ചു

മുസ്ലീം ലീഗ് നേതാവ് കെ.എം ഷാജിയെ വിജിലന്‍സ് ചോദ്യം ചെയ്ത് വിട്ടയച്ചു. മൂന്ന് മണിക്കൂറിലേറെ ചോദ്യം ചെയ്ത ശേഷമാണ് വിട്ടയച്ചത്. മാധ്യമങ്ങളോട് പ്രതികരിക്കാന്‍ ഷാജി തയ്യാറായില്ലെങ്കിലും ഷാജിയെ ഇനിയും ചോദ്യം ചെയ്യുമെന്നാണറിയുന്നത്. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ഷാജിക്കെതിരേ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

ശിവഗിരി മുന്‍ മഠാധിപതി സ്വാമി പ്രകാശാനന്ദ സമാധിയായി

വര്‍ക്കല ശിവഗിരി മുന്‍ മഠാധിപതി സ്വാമി പ്രകാശാനന്ദ സമാധിയായി. 99 വയസ്സായിരുന്നു. വര്‍ക്കല ശ്രീ നാരായണ മിഷന്‍ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.

ഫസല്‍ വധക്കേസില്‍ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

സിപിഎം നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും മുഖ്യപ്രതികളായ തലശ്ശേരി ഫസല്‍ വധക്കേസില്‍ സിബിഐയുടെ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. ഫസലിന്റെ സഹോദരന്‍ അബ്ദുള്‍ സത്താര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവുണ്ടായിരിക്കുന്നത്. കേസില്‍ അറസ്റ്റിലായിട്ടുള്ളത് യഥാര്‍ത്ഥ പ്രതികളല്ലെന്ന് ആരോപിച്ചാണ് ഫസലിന്റെ സഹോദരന്‍ കോടതിയെ സമീപിച്ചത്. ആര്‍എസ്എസ് പ്രവര്‍ത്തകനായ ചെമ്പ്ര സ്വദേശി സുബീഷ് നടത്തിയ വെളിപ്പെടുത്തലാണ് തുടരന്വേഷണ ഹര്‍ജിക്ക് കാരണമായത്.

മലയാളിയായ രാജീവ് ചന്ദ്രശേഖര്‍ കേന്ദ്രമന്ത്രിയാകും

പ്രമുഖ വ്യവസായിയും കര്‍ണാടകത്തില്‍ നിന്നുള്ള രാജ്യസഭാംഗവും മലയാളിയുമായ രാജീവ് ചന്ദ്രശേഖര്‍ കേന്ദ്രമന്ത്രിയാകും. ഏതാനും മന്ത്രിമാരെ ഒഴിവാക്കിയും ചില സഹമന്ത്രിമാരെ കാബിനറ്റ് റാങ്കിലേക്ക് ഉയര്‍ത്തിയും 25 ഓളം പുതിയ മന്ത്രിമാരെ ഉള്‍പ്പെടുത്തിയും രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ വികസനമാണ് ഇപ്പോള്‍ നടക്കുന്നത്.

കോപ്പ അമേരിക്കയില്‍ ബ്രസീല്‍-അര്‍ജന്റീന സ്വപ്‌ന ഫൈനല്‍

കോപ്പ അമേരിക്കയില്‍ ബ്രസീലിന് എതിരാളികള്‍ അര്‍ജന്റീന. കൊളംബിയക്കെതിരായ സെമി ഫൈനല്‍ മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് അര്‍ജന്റീന വിജയിച്ചത്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3-2 നാണ് മെസിയുടെയും സംഘത്തിന്റെയും ജയം. ഇന്ത്യന്‍ സമയം ഞായറാഴ്ച രാവിലെ 6.30 നാണ് ബ്രസീല്‍-അര്‍ജന്റീന ഫൈനല്‍ മത്സരം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :