രേണുക വേണു|
Last Modified ചൊവ്വ, 18 ജനുവരി 2022 (15:42 IST)
സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായ പശ്ചാത്തലത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സാധ്യത. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ വ്യാഴാഴ്ച കോവിഡ് അവലോകന യോഗം ചേരും. വിദഗ്ധ ചികിത്സയ്ക്കായി മുഖ്യമന്ത്രി ഇപ്പോള്‍ അമേരിക്കയിലാണ് ഉള്ളത്. അതിനാല്‍ ഓണ്‍ലൈനായാണ് മുഖ്യമന്ത്രി അവലോകന യോഗത്തില്‍ പങ്കെടുക്കുക.
സംസ്ഥാനത്ത് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് ആലോചിക്കുന്നത്. സമ്പൂര്‍ണ ലോക്ക്ഡൗണ്‍ നിലവില്‍ പരിഗണനയിലില്ല. പകരം ജില്ലാ അടിസ്ഥാനത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കും. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലാണ് സ്ഥിതി കൂടുതല്‍ ഗുരുതരം. അതിനാല്‍ ഈ ജില്ലകളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കും.
കോളേജുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചേക്കും, ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല, ബാറുകളില്‍ ഇരുന്ന് മദ്യപിക്കാനും നിയന്ത്രണമുണ്ടാകും, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിടും, ഉത്സവങ്ങള്‍ക്കും പെരുന്നാളുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തും. രാത്രി കര്‍ഫ്യു, ഞായര്‍ ലോക്ക്ഡൗണ്‍ എന്നിവയും സര്‍ക്കാര്‍ ആലോചിക്കുന്നു.