കേരളത്തില്‍ രണ്ട് ആഴ്ച ലോക്ക്ഡൗണ്‍ വേണമെന്ന് ആവശ്യം; തീരുമാനം ഉടന്‍

നെല്‍വിന്‍ വില്‍സണ്‍| Last Modified തിങ്കള്‍, 26 ഏപ്രില്‍ 2021 (12:23 IST)

കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് രണ്ട് ആഴ്ച ലോക്ക്ഡൗണ്‍ വേണമെന്ന് ആവശ്യം. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉടനുണ്ടാകും. കൊറോണ വൈറസിന്റെ യുകെ വകഭേദം വേഗത്തില്‍ പടരുകയാണ്. രോഗവ്യാപനം ഇനിയും ഉടരാന്‍ സാധ്യതയുള്ളതിനാല്‍ കേരളത്തില്‍ രണ്ട് ആഴ്ച ലോക്ക്ഡൗണ്‍ വേണമെന്നാണ് കോവിഡ് വിദഗ്ധ സമിതി യോഗത്തില്‍ ഉയര്‍ന്ന പ്രധാന നിര്‍ദേശം. സര്‍ക്കാര്‍ ഇത് അംഗീകരിച്ചാല്‍ കേരളത്തില്‍ ഉടന്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കും. അന്തര്‍സംസ്ഥാന യാത്രക്കാരുടെ വരവു ശക്തമാകുന്നതോടെ മഹാരാഷ്ട്രയില്‍ ശക്തമായ ഇരട്ട വ്യതിയാനം സംഭവിച്ച വൈറസ് കേരളത്തില്‍ എത്തും. ഇതിന്റെ പകര്‍ച്ച ചെറുക്കണമെങ്കില്‍ രണ്ട് ആഴ്ചയെങ്കിലും ആളുകളുടെ സമ്പര്‍ക്കം കുറയ്ക്കണം. അതിനായി ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതാണ് കൂടുതല്‍ ഉചിതമെന്നാണ് വിദഗ്ധ സമിതി നിര്‍ദേശം.


അതേസമയം, ലോക്ക്ഡൗണ്‍ വേണ്ട എന്നാണ് സര്‍ക്കാരിന്റെയും ഇടതുമുന്നണിയുടെയും നിലപാട്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചാല്‍ ജനജീവിതം കൂടുതല്‍ ദുസ്സഹമാകും. രോഗബാധ കൂടുതലുള്ള സ്ഥലങ്ങളില്‍ നിയന്ത്രണം കടുപ്പിക്കുകയാണ് നല്ലതെന്നും സര്‍ക്കാര്‍ പറയുന്നു. ലോക്ക്ഡൗണ്‍ ആവശ്യമില്ലെന്നും കര്‍ശന നിയന്ത്രണങ്ങള്‍ മതിയെന്നും ഇടതുമുന്നണി നിലപാടെടുത്തിട്ടുണ്ട്. പ്രതിപക്ഷവും ഇതേ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. എറണാകുളം ജില്ലയില്‍ നേരത്തെ ഏര്‍പ്പെടുത്തിയതുപോലെയുള്ള കര്‍ശന നിയന്ത്രണങ്ങള്‍ സംസ്ഥാനത്ത് എല്ലായിടത്തും കൊണ്ടുവരാനുള്ള സാധ്യതയും കാണുന്നുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :