നെല്‍വിന്‍ വില്‍സണ്‍|
Last Modified ശനി, 24 ഏപ്രില്‍ 2021 (11:40 IST)
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്നു. പ്രതിദിന രോഗികളുടെ എണ്ണം ഭയാനകമായ രീതിയിലാണ് ഉയരുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 3,46,786 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പ്രതിദിന രോഗബാധ മൂന്നര ലക്ഷത്തിനടുത്തത് ആദ്യമായി. നിലവില്‍ 25,52,940 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 1,66,10,481 ആയി ഉയര്‍ന്നു. ഇതില്‍ 1,38,67,997 പേര്‍ കോവിഡ് മുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,624 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 1,89,544 ആയി.
തുടര്‍ച്ചയായി പത്താം ദിവസമാണ് രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം രണ്ട് ലക്ഷം കടക്കുന്നത്. വ്യാഴാഴ്ചയാണ് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം ആദ്യമായി മൂന്ന് ലക്ഷം കടക്കുന്നത്. അടുത്ത ദിവസങ്ങളില്‍ പ്രതിദിന രോഗബാധിതരുടെ എണ്ണം നാല് ലക്ഷം കടന്നേക്കാമെന്നാണ് സൂചന. കോവിഡ് രണ്ടാം തരംഗത്തില്‍ അതീവ ജാഗ്രതയിലാണ് രാജ്യം. ഓക്‌സിജന്‍ ക്ഷാമമാണ് കോവിഡ് പ്രതിരോധത്തില്‍ ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.
അതേസമയം, ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കുകള്‍ പ്രകാരം ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം 15 കോടിയിലേക്ക് അടുക്കുകയാണ്. 30 ലക്ഷത്തിലേറെ പേര്‍ക്ക് കോവിഡ് ബാധിച്ച് ജീവന്‍ നഷ്ടമായി.