സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 13 നവംബര്‍ 2021 (15:19 IST)
തെക്ക് കിഴക്കന്‍ അറബികടലിലും വടക്കന്‍ തമിഴ് നാടിനു മുകളിലും ചക്രവാതചുഴി നിലനില്‍ക്കുന്നതിനാല്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തി പ്രാപിച്ചിട്ടുണ്ട്. ഇതിന്റെ സ്വാധീനത്തിലാണ് കേരളത്തില്‍ അടുത്ത രണ്ടു ദിവസം അതിശക്തമായ മഴക്ക് സാധ്യത. പ്രത്യേകിച്ച് തെക്കന്‍ കേരളത്തിലാണ് അതിശക്ത മഴക്ക് സാധ്യതയുള്ളത്.
ബംഗാള്‍ ഉള്‍കടലില്‍ തെക്കു ആന്‍ഡമാന്‍ കടലില്‍ തായ്ലന്‍ഡ് തീരത്തിനോട് ചേര്‍ന്ന് ശനിയാഴ്ച രാവിലെ 8.30 ന് ന്യുന മര്‍ദ്ദം രൂപപ്പെട്ടു. ന്യൂനമര്‍ദ്ദം പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചു ശക്തി പ്രാപിച്ചു നവംബര്‍ 15 ഓടെ വടക്കു ആന്‍ഡമാന്‍ കടലിലും തെക്കു-കിഴക്കു ബംഗാള്‍ ഉള്‍ക്കടലിലുമായി തീവ്ര ന്യുന മര്‍ദ്ദമായി ശക്തി പ്രാപിക്കാനാണ് സാധ്യത. തുടര്‍ന്ന് പടിഞ്ഞാറ് വടക്കു പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചു ശക്തി പ്രാപിച്ചു അടുത്ത 48 മണിക്കൂറിനുള്ളില്‍ ആന്ധ്രാ തീരത്തു പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തെക്കന്‍ കേരളത്തില്‍ പ്രത്യേകിച്ച് തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ അതി തീവ്ര
മഴ തുടരുന്ന സാഹചര്യത്തില്‍ അധികൃതരും പൊതുജനങ്ങളും അതീവ ജാഗ്രത പാലിക്കാനും നിര്‍ദ്ദേശമുണ്ട്.