ലെസ്ബിയൻ പങ്കാളികളായ സുമയ്യ ഷെറിനും അഫീഫയ്ക്കും പോലീസ് സംരക്ഷണം, ഹൈക്കോടതി ഉത്തരവ്

അഭിറാം മനോഹർ| Last Modified വെള്ളി, 7 ജൂലൈ 2023 (13:48 IST)
ലെസ്ബിയന്‍ പങ്കാളികളായ ഷെറിനും അഫീഫയ്ക്കും പോലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. അഫീഫയുടെ മാതാപിതാക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും പോലീസ് സംരക്ഷണം തേടി ഇരുവരും നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. പുത്തന്‍കുരിഡ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്കും കൊണ്ടോട്ടി സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്കുമാണ് കോടതിയുടെ നിര്‍ദേശം.

മലപ്പുറം സ്വദേശിനികളായ സുമയ്യയും ഫഫീഫയും 2 വര്‍ഷമായി സൗഹൃദത്തിലാണ്. ഇക്കഴിഞ്ഞ ജനുവരി 27നാണ് ഒരുവരും വീട് വിട്ട് കൊണ്ടോട്ടി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഒരുമിച്ച് താമസിക്കാന്‍ തുടങ്ങിയത്. ലെസ്ബിയന്‍ പങ്കാളിക്കൊപ്പം പോകാന്‍ ഒരുങ്ങിയ അഫീഫയെ കുടുംബം ബലപ്രയോഗം നടത്തി മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോയത് വലിയ വിവാദമായിരുന്നു. അഫീഫയെ വീട്ടുകാര്‍ ഇനിയും തട്ടികൊണ്ടുപോകാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നിലവിലെ ഹര്‍ജി.

സുമയ്യയും ഫഫീഫയും ഒരുമിച്ച് താമസിക്കാന്‍ തുടങ്ങിയതോടെ മകളെ കാണാനില്ലെന്ന് അഫീഫയുടെ പിതാവ് പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും മലപ്പുറം മജിസ്‌ട്രേറ്റ് കോടതിയില്‍ ഇരുവരും സ്വമേധയാ ഹാജരായി പ്രായപൂര്‍ത്തി ആയതിനാല്‍ സ്വന്തം ഇഷ്ടപ്രകാരം ഒരുമിച്ച് ജീവിക്കാനുള്ള അനുമതി വാങ്ങുകയായിരുന്നു. എറണാകുളത്തെത്തി സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്ത് ഒരുമിച്ച് കഴിയവെ കഴിഞ്ഞ മെയ് 30ന് വീട്ടുകാരെത്തി അഫീഫയെ ബലമായി കൊണ്ടുപോകുകയായിരുന്നു. അഫീഫയെ കുടുംബം തടങ്കലില്‍ വെച്ചതിനെ തുടര്‍ന്ന് സുമയ്യ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :