അപർണ|
Last Modified ചൊവ്വ, 18 സെപ്റ്റംബര്‍ 2018 (08:04 IST)
പ്രളയം തകർത്ത കേരളത്തിനായി എല്ലാവരും കൈകോർത്തിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലുളള രാജ്യാന്തര കാർഷികവികസന നിധിയുടെ (ഇന്റർനാഷനൽ ഫണ്ട് ഫോർ അഗ്രികൾച്ചറൽ ഡവലപ്മെന്റ്– ഇഫാഡ്) 500 കോടി രൂപയുടെ വായ്പ കേരളത്തിനു ലഭിച്ചേക്കും.
പ്രളയം മൂലം തകർന്ന കാർഷിക മേഖലയുടെ പുനരുദ്ധാരണത്തിനായാണു വായ്പ. 40 വർഷത്തേക്കു കുറഞ്ഞ പലിശയ്ക്കുള്ള വായ്പയ്ക്കു തത്വത്തിൽ ധാരണയായി. വികസ്വര രാജ്യങ്ങളിലെ ഗ്രാമീണ കാർഷിക മേഖലയ്ക്കു സഹായം നൽകുന്ന ഏജൻസിയാണു റോം ആസ്ഥാനമായ ‘ഇഫാഡ്’.
ഇതിന്റെ പ്രതിനിധികൾ കേരളത്തിലെത്തി മന്ത്രി വി.എസ്. സുനിൽകുമാറുമായി ചർച്ച നടത്തി. പിന്നീടു കേന്ദ്ര സർക്കാരിന്റെ പങ്കാളിത്തത്തോടെ ഡൽഹിയിലും ആശയവിനിമയമുണ്ടായി. പ്രാഥമിക റിപ്പോർട്ട് കേരളം സമർപ്പിച്ചു. കേന്ദ്ര കൃഷിമന്ത്രാലയത്തോട് 2000 കോടിയുടെ സഹായമാണ് അടിയന്തരമായി തേടിയിരിക്കുന്നത്.
നിലവിലെ റിപ്പോർട്ടുകൾ അനുസരിച്ച് കാർഷിക മേഖലയുടെ നഷ്ടം 19,000 കോടിയാണ്. വിളനാശം മാത്രം 6000 കോടിയുടേതാണ്.