സംസ്ഥാനത്തെ സ്വകാര്യ-അണ്‍എയ്ഡഡ് സ്‌കൂളുകളിലെ ഫീസ് ഘടന നിശ്ചയിക്കുന്നതിന് നിയന്ത്രണ സംവിധാനം ഏര്‍പ്പെടുത്തണം: സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍

തിരുവനന്തപുരം| ശ്രീനു എസ്| Last Updated: വ്യാഴം, 28 മെയ് 2020 (19:16 IST)
സംസ്ഥാനത്തെ സ്വകാര്യ-അണ്‍എയ്ഡഡ് സ്‌കൂളുകളിലെ ഫീസ് ഘടന നിശ്ചയിക്കുന്നതിന് നിയന്ത്രണ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കി. നിയമനിര്‍മാണം നടപ്പാകുന്നതുവരെ സ്വതന്ത്രമായി ഫീസ് ഘടന നിശ്ചയിക്കുന്നതിന് മോനിറ്ററിംഗ് സമിതി രൂപീകരിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. കേരള സ്വാശ്രയ പ്രൊഫഷനല്‍ കോളേജ് ആക്ട് 2004 ന്റെ മാതൃകയിലുള്ള സംവിധാനം നിയമനിര്‍മാണം വഴിയോ മറ്റു രീതിയിലോ നടപ്പാക്കണം. ഇതിനുള്ള നടപടികള്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറി ചെയ്യേണ്ടതാണെന്നും കമ്മീഷന്‍ പറഞ്ഞു

സംസ്ഥാനത്തെ പ്രാഥമിക വിദ്യാഭ്യാസത്തിന് നിലവില്‍ സ്വകാര്യ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടി വരുന്നുണ്ട്. എന്നാല്‍ ഇവയുടെ ഫീസ് നിര്‍ണയിക്കുന്ന കാര്യത്തില്‍ മാനദണ്ഡമോ അടിസ്ഥാനമോ ഇല്ല. അടിസ്ഥാന സൗകര്യങ്ങളും സല്‍പ്പേരും മാനദണ്ഡമാക്കിയാണ് വര്‍ദ്ധിച്ച തോതിലുള്ള ഫീസ് ഇത്തരം സ്ഥാപനങ്ങള്‍ ഈടാക്കുന്നത്. സ്ഥാപനങ്ങള്‍ തമ്മില്‍ പോലും വലിയ അന്തരമുണ്ട്. സ്വകാര്യ മാനേജ്‌മെന്റ് ആവശ്യപ്പെടുന്ന സംഖ്യ കൊടുക്കാന്‍ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദങ്ങളാല്‍ കുട്ടികള്‍ നിര്‍ബന്ധിതരാകുന്നു. കേരളം പോലുള്ള സംസ്ഥാനത്ത് മാനദണ്ഡമില്ലാത്ത ഫീസ് സ്വകാര്യ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഈടാക്കുന്നത് ഒരു പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചോ നിയമ നിര്‍മ്മാണം മൂലമോ നിയന്ത്രിക്കേണ്ടതുണ്ടെന്ന് കമ്മീഷന്‍ വിലയിരുത്തി. തിരുവനന്തപുരത്തെ സ്വകാര്യ സ്‌കൂളിലെ പ്രവേശന സമയത്ത് വാങ്ങിയ ഡിപ്പോസിറ്റ് തുക സംബന്ധിച്ച പരാതികള്‍ തീര്‍പ്പാക്കിയാണ് കമ്മീഷന്‍ നിര്‍ണായകമായ ഉത്തരവ് പുറപ്പെടുവിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :