ശ്രീനു എസ്|
Last Modified ചൊവ്വ, 5 ജനുവരി 2021 (13:02 IST)
കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം നടത്തുന്ന ഏഴാം സാമ്പത്തിക സെന്‍സസ് സംസ്ഥാനത്ത് മാര്‍ച്ച് 31 വരെ നീട്ടി. സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന മുഴുവന്‍ സംരംഭങ്ങളുടെയും സ്ഥാപനങ്ങളുടെയും കണക്കെടുപ്പ് കോവിഡ് മൂലം നടത്താന്‍ കഴിയാതിരുന്നതിനാലാണ് സെന്‍സസ് നീട്ടിയത്.
സംരംഭങ്ങള്‍, അവയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍, ഉടമസ്ഥതയിലെ പാര്‍ട്ണര്‍ഷിപ്പ്, നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍, തൊഴിലാളികളുടെ എണ്ണം, വാര്‍ഷികവരുമാനം, രജിസ്ട്രേഷന്‍, മറ്റു ബ്രാഞ്ചുകള്‍, മുതല്‍മുടക്കിന്റെ പ്രധാന സ്രോതസ്സ് തുടങ്ങിയ വിവരങ്ങളാണ് ശേഖരിക്കുന്നത്. സംരംഭങ്ങള്‍ ഇല്ലാത്ത വീടുകളില്‍ ഗൃഹനാഥന്റെ പേര്, വീട്ടുവിലാസം, കുടുംബത്തിലെ അംഗങ്ങളുടെ എണ്ണം തുടങ്ങിയ അടിസ്ഥാന വിവരങ്ങള്‍ മാത്രമാണ് ശേഖരിക്കുന്നത്.
വീടുകളിലും സ്ഥാപനങ്ങളിലും എത്തുന്ന സി.എസ്.സി. എന്യൂമറേറ്റര്‍മാര്‍ സാമ്പത്തിക സെന്‍സസില്‍ പെടാത്ത വിവരങ്ങളും ശേഖരിക്കുന്നുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ പ്രചരിപ്പിക്കുകയോ എന്യൂമറേറ്റര്‍മാരെ തടയുകയോ ചെയ്യരുതെന്നും കോഴിക്കോട് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് ഡയറക്ടര്‍ അറിയിച്ചു.