"മോഹിച്ചത് കിട്ടിയുമില്ല കയ്യിലുള്ളതും നഷ്ടപ്പെട്ടു" സംസ്ഥാനത്ത് ബിജെപി വോട്ടിൽ ഞെട്ടിക്കുന്ന ഇടിവ്

അഭിറാം മനോഹർ| Last Modified തിങ്കള്‍, 3 മെയ് 2021 (13:09 IST)
നിയമസഭാ തിരെഞ്ഞെടുപ്പിൽ കേരളത്തിൽ ആകെയുണ്ടായിരുന്ന ഒരു സീറ്റും നഷ്‌ടമായ നിലയിലാണ് ബിജെപി. കുറഞ്ഞത് മൂന്ന് സീറ്റെങ്കിലും ഉറപ്പിച്ച ഇടത്ത് നിന്നാണ് ഈ അപ്രതീക്ഷിതമായ തോൽവി. കടുത്ത ആഘാ‌തമാണ് ഈ തോൽവി ബിജെപി അണികൾക്കിടയിൽ സൃഷ്‌ടിച്ചിരിക്കുന്നത്. സീറ്റ് കിട്ടിയില്ലെങ്കിലും വോട്ട് വിഹിതമെങ്കിലും ഉയര്‍ത്താനാകും എന്നായിരുന്നു ബിജെപി പ്രതീക്ഷ എന്നാൽ ആ ആഗ്രഹവും ഈ തിരെഞ്ഞെടുപ്പിൽ നഷ്ടപ്പെട്ടുവെന്നാണ് വോട്ട് ശതമാനം സംബന്ധിച്ച പ്രാഥമിക കണക്കുകള്‍ വ്യക്തമാക്കുന്നത്.

ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സഖ്യത്തിന് 12.4 ശതമാനം വോട്ടാണ് സംസ്ഥാനത്ത് നിന്ന് നേടാനായത്. നേരിയ വ്യത്യാസം ഈ കണക്കുകളിൽ ഉണ്ടായാൽ പോലും ബിജെപിക്ക് വോട്ട് ചോർച്ച ഉണ്ടായതായാണ് വ്യക്തമാവുന്നത്. 2016ലെ നിയമസഭാ തിരെഞ്ഞെടുപ്പിൽ 15 ആയിരുന്ന വോട്ട് വിഹിതത്തിൽ നിന്നാണ് ഈ വോട്ട് ചോർച്ച.

2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 15.64 ശതമാനമായി എന്‍.ഡി.എയ്ക്ക് ലഭിച്ച വോട്ട്. 2020-ലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ വോട്ട് വിഹിതം 16.5 ആയി ഉയർത്താനും ബിജെപിക്കായി. ഈ നിലയിൽ നിന്നാണ് നിയമസഭാ തിരെഞ്ഞെടുപ്പിൽ വൻ തിരിച്ചടി നേരിട്ടിരിക്കുന്നത്. അതായത് തൊട്ടു മുന്‍പത്തെ തിരഞ്ഞെടുപ്പില്‍ നേടിയതില്‍നിന്ന് നാല് ശതമാനത്തിന്റെ കുറവ്.

കൂടാതെ ബിജെപി വിജയപ്രതീക്ഷ പുലര്‍ത്തിയിരുന്ന മണ്ഡലങ്ങളില്‍ മൂന്നിടത്ത് മാത്രമാണ് രണ്ടാം സ്ഥാനത്ത് വരാൻ പാർട്ടിക്കായത്. തൃശ്ശൂര്‍ (31.3 ശതമാനം), കോന്നി (21.91 ശതമാനം) എന്നിവിടങ്ങളില്‍ മൂന്നാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ദേശീയനേതൃത്വം കാടിളക്കി പ്രചാരണം നടത്തിയിട്ടും കേരളത്തില്‍ വോട്ട് വിഹിതം ഉയര്‍ത്താനായില്ലെന്നത് വലിയ നിരാശയാണ് ബിജെപി ക്യാമ്പുക‌ളിൽ ഉണ്ടാക്കിയിട്ടുള്ളത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :