തിരുവനന്തപുരം|
Last Modified വെള്ളി, 21 ഓഗസ്റ്റ് 2015 (20:27 IST)
സംസ്ഥാനത്തിനു പുറത്തുനിന്ന് ഒരുലിറ്റര്‍ പാലുപോലും വാങ്ങാത്തവിധം പാലിന്‍റെ കാര്യത്തില്‍ സംസ്ഥാനത്തെ സ്വയംപര്യാപ്തമാക്കുമെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി കെ.സി ജോസഫ് പറഞ്ഞു. മായം ചേര്‍ത്ത കാര്‍ഷിക ഉത്പന്നങ്ങളില്‍ നിന്നും വരുംതലമുറയെ സംരക്ഷിക്കുന്നതിന് ഒത്തൊരുമയോടെ ശ്രമിക്കണമെന്ന് മന്ത്രി തുടര്‍ന്ന് പറഞ്ഞു. പറക്കോട് ബ്ലോക്കിന്‍റെ ക്ഷീരസംഗമം മണ്ണടി ബാവ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
2011 ല്‍ എട്ട് ലക്ഷം ലിറ്റര്‍ പാല്‍ പുറത്തുനിന്നു വാങ്ങിയിരുന്നത് 2015 ഓഗസ്റ്റോടെ ഒന്നര ലക്ഷമായി കുറയ്ക്കാന്‍ കഴിഞ്ഞു. പത്തനംതിട്ട ജില്ലയില്‍ പറക്കോട് പാല്‍ ഉത്പാദനത്തില്‍ ശ്രദ്ധേയമായ സ്ഥാനം നേടിയിട്ടുണ്ട്. ഇത് മാതൃകാപരമാണ്. കഴിഞ്ഞ നാലുവര്‍ഷംകൊണ്ട് ക്ഷീര കര്‍ഷകര്‍ക്ക് ഗുണകരമായ വിധം പാല്‍വില ഗണ്യമായി വര്‍ധിപ്പിച്ചു. 13 രൂപയാണ് മൂന്നുതവണയായി വര്‍ധിപ്പിച്ചു നല്‍കിയത്. കര്‍ഷകര്‍ക്ക് പരമാവധി പ്രയോജനം ലഭിക്കണമെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് വില വര്‍ധിപ്പിച്ചത് - മന്ത്രി പറഞ്ഞു
ക്ഷീരമേഖലയില്‍ മലബാര്‍ മേഖലയാണ് ക്ഷീരോത്പാദനത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. ഇവിടെ അധികം ഉത്പാദിപ്പിക്കുന്ന പാലില്‍ നിന്നും മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ഉത്പാദിപ്പിക്കാന്‍ സാധിക്കുന്നുണ്ട്. ഇത്തരത്തില്‍ എറണാകുളം, തിരുവനന്തപുരം മേഖലകളിലും പാല്‍ ഉത്പാദനം വര്‍ധിപ്പിക്കാന്‍ ശ്രമം നടന്നുവരുന്നു. റബറിനും നാളികേരത്തിനും വിലയിടിഞ്ഞ സമയത്തും പിടിച്ചു നില്‍ക്കുന്ന ക്ഷീരമേഖല പുതിയ തൊഴില്‍ സംരംഭങ്ങള്‍ക്ക് സാധ്യത കൂട്ടുന്നത് ആശ്വാസകരമാണെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ മികച്ച ക്ഷീരകര്‍ഷകരെ പുരസ്കാരങ്ങള്‍ നല്‍കി മന്ത്രി ആദരിച്ചു.