തിരുവനന്തപുരം|
Last Modified ബുധന്‍, 11 നവംബര്‍ 2015 (12:13 IST)
മന്ത്രിയെന്ന നിലയിലും തുടര്‍ച്ചയായി പരാജയമില്ലാതെ എം എല്‍ എ ആയി എന്ന നിലയിലും എല്ലാം റെക്കോഡിട്ട
കെ എം മാണിക്ക് ബാര്‍കോഴ എന്ന കീറാമുട്ടിയില്‍ ഉടക്കി രാജി വെയ്ക്കേണ്ടി വന്നെങ്കിലും സംസ്ഥാനം കണ്ട വിപ്ലവകരമായതും ഏറെപ്പേര്‍ക്ക് ആശ്വസമായതുമായ 'കാരുണ്യ' സൌജന്യ ചികിത്സാ പദ്ധതി മാണിയുടെ ജീവിതത്തിലെ പൊന്‍തൂവല്‍ തന്നെ എന്ന് ഏവരും നിസ്സംശയം സമ്മതിക്കും.
കാരുണ്യ സൌജന്യ ചികിത്സാ പദ്ധതിയിലൂടെ ഇതുവരെ അനുവദിച്ചത് 850 കോടി രൂപയാണ്. ഇതുവഴി ഒന്നേകാല്‍ ലക്ഷത്തോളം രോഗികള്‍ക്ക് ആശ്വാസവും ലഭിച്ചു. മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയായ ഈ പദ്ധതി 2012-13 ലെ സംസ്ഥാന ബജറ്റിലായിരുന്നു പ്രഖ്യാപിച്ചത്. സംസ്ഥാന സര്‍ക്കാര്‍ ലോട്ടറി നടത്തിപ്പിലൂടെ സമാഹരിക്കുന്ന പണം നിര്‍ദ്ധന രോഗികളുടെ ചികിത്സയ്ക്കായി ചെലവിടുക എന്നതാണ് ഈ പദ്ധതി കൊണ്ടു ഉദ്ദേശിച്ചതും വിജയിച്ചതും.
തുടക്കത്തിലെ ആദ്യ 20 മാസങ്ങള്‍ക്കുള്ളില്‍ തന്നെ 20000 ഓളം കുടുംബങ്ങള്‍ക്ക് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിച്ചത് ഏറെ ശ്ലാഘിക്കപ്പെട്ടു. അപേക്ഷിച്ച് 24 മണിക്കൂറിനുള്ളില്‍ പണം അനുവദിക്കാന്‍ കളക്‌ടര്‍മാരെ ചുമതലപ്പെടുത്തുന്ന രീതിയിലുള്ളതാണ് ഇതിന്‍റെ പ്രാധാന്യം. കാരുണ്യ പദ്ധതി ആവിഷ്കരിച്ചതോടെ കാരുണ്യ ലോട്ടറിയുടെ വില്‍പ്പനയിലും വന്‍പിച്ച കുതിപ്പാണുണ്ടായത്.