കണ്ണൂര്‍|
BIJU|
Last Modified ശനി, 8 ഡിസംബര്‍ 2018 (19:29 IST)
കണ്ണൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളം യാത്രക്കാര്‍ക്ക് തുറന്നു കൊടുക്കുമ്പോള്‍ ആ ചരിത്ര മുഹൂര്‍ത്തത്തിനു സാക്ഷ്യം വഹിക്കുവാന്‍ അഞ്ചു വര്‍ഷക്കാലം ആ പദ്ധതിയെ നയിച്ച തന്നെ ഒന്ന് വിളിക്കുവാൻ പോലും എൽ ഡി എഫ് സര്‍ക്കാരും കിയാൽ മാനേജ്‌മെന്റും തയ്യാറായില്ലെന്ന് മുന്‍ മന്ത്രി കെ ബാബു.
കെ ബാബുവിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം:
കണ്ണൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളം:
അഭിമാനവും സന്തോഷവുമുണ്ട്...
പക്ഷെ, ഒരു ഫോൺ കോൾ എങ്കിലും ആകാമായിരുന്നു ...
ഉത്തര മലബാറിന്റെ സ്വപ്നമായ കണ്ണൂര്‍ അന്താരാഷ്‌ട്ര ഗ്രീന്‍ ഫീല്‍ഡ് വിമാനത്താവളം നാളെ ഔദ്യോഗികമായി യാത്രക്കാര്‍ക്ക് തുറന്നു കൊടുക്കുമ്പോള്‍ എനിക്ക് അഭിമാനവും അതിലേറെ സന്തോഷവുമുണ്ട്. കടലാസില്‍ മാത്രമായിരുന്ന കണ്ണൂര്‍ അന്താരാഷ്‌ട്ര വിമാനത്താവള പദ്ധതിയെന്ന സ്വപ്നത്തെ യാഥാര്‍ത്ഥ്യമാക്കി, മലയാളിയുടെ സ്വപ്നത്തിന് അഞ്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ ചിറകുകള്‍ നല്‍കുന്നതില്‍ ചെറുതല്ലാത്ത പങ്ക് വഹിക്കുവാന്‍ കഴിഞ്ഞതില്‍ എനിക്ക് സംതൃപ്തിയും അതിലേറെ ചാരിതാര്‍ത്ഥ്യവുമുണ്ട്. പക്ഷെ, കണ്ണൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളം യാത്രക്കാര്‍ക്ക് തുറന്നു കൊടുക്കുമ്പോള്‍ ആ ചരിത്ര മുഹൂര്‍ത്തത്തിനു സാക്ഷ്യം വഹിക്കുവാന്‍ അഞ്ചു വര്‍ഷക്കാലം ഈ പദ്ധതിയെ നയിച്ച എന്നെ ഒന്ന് വിളിക്കുവാൻ പോലും എൽ ഡി എഫ് സര്‍ക്കാരും കിയാൽ മാനേജ്‌മെന്റും തയ്യാറായില്ല. എങ്കിലും ഞാൻ അഭിമാനിക്കുന്നു, സന്തോഷിക്കുന്നു.
ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ 2011ല്‍ അധികാരമേറ്റ് 15 ദിവസത്തിനുള്ളില്‍ കണ്ണൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേര്‍ന്ന്‍ ഭാവിപദ്ധതികള്‍ മുന്‍ഗണന ക്രമത്തില്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കി. 2016ല്‍ കോഡ്-ബി എയര്‍ക്രാഫ്റ്റ് ഉപയോഗിച്ച് പരീക്ഷണ പറക്കലും നടത്തി. എയര്‍പോര്‍ട്ടുകളുടെ ചുമതലയുള്ള മന്ത്രി എന്ന നിലയില്‍ 2011 ജൂണില്‍ നിര്‍ദ്ദിഷ്ട കണ്ണൂര്‍ അന്താരാഷ്‌ട്ര വിമാനത്താവള നിർമ്മാണത്തിനു വേണ്ടി ചൂണ്ടിക്കാണിച്ചിരുന്ന സ്ഥലമായ മൂര്‍ഖന്‍പറമ്പിലെത്തുമ്പോള്‍ വലിയ ഒരു കുന്നാണ് എനിക്ക് കാണുവാന്‍ കഴിഞ്ഞത്. വിമാനത്താവള നിര്‍മ്മാണത്തിന് അനുയോജ്യമല്ലെന്ന്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ വിധിയെഴുതി വച്ചിരുന്ന സ്ഥലമായിരുന്നു അത്. എന്നാല്‍ അതിലൊന്നും പതറാതെ ഞങ്ങള്‍ മുന്നോട്ടു പോയി. അന്നത്തെ കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രി വയലാര്‍ രവിയെ കണ്ട് സംസാരിച്ച് ഒറിയന്റേഷനില്‍ മാറ്റം വരുത്തിയാണ് വിമാനത്താവള നിര്‍മ്മാണത്തിന് പ്രസ്തുത സ്ഥലത്തെ അനുയോജ്യമാക്കിയതും ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയതും. പ്രതിരോധ – പരിസ്ഥിതി – ആഭ്യന്തര - വ്യോമയാന മന്ത്രാലയങ്ങളുടെ വിവിധ അനുമതികള്‍ നേടിയെടുത്തു. കൂടാതെ പദ്ധതിയിൽ സർക്കാരിന് 35% ഓഹരി വിഹിതം ഉറപ്പാക്കിയത് ഉമ്മൻ ചാണ്ടി സർക്കാരിന്റെ മറ്റൊരു നേട്ടമാണ്. ഈ അനുമതികള്‍ ലഭ്യമാക്കുന്നതില്‍ ശ്രീ. എ. കെ. ആന്‍റണി വഹിച്ച പങ്ക് നിസ്തുലമാണ്. മുന്‍ മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ ചാണ്ടിയുടെ നിരന്തരമായ മാര്‍ഗനിര്‍ദ്ദേശങ്ങളും മേല്‍നോട്ടവുമാണ് ഈ സ്വപ്ന്പദ്ധതിയെ യാഥാര്‍ത്ഥ്യത്തിലെത്തിച്ചത് എന്നത് പ്രത്യേകം പ്രസ്താവ്യമാണ്.
ഫണ്ട് കണ്ടെത്തല്‍ വലിയൊരു വെല്ലുവിളിയായിരുന്നു. അതിനായി കാനറ ബാങ്കിന്‍റെ നേതൃത്വത്തില്‍ ഫെഡറല്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക് എന്നിവയെ ചേര്‍ത്ത് ബാങ്ക് കൺസോർഷ്യം രൂപീകരിച്ച് 892 കോടി രൂപ വായ്പയിനത്തില്‍ സമാഹരിച്ചു.
പദ്ധതിക്ക് വേണ്ടി ഭൂമി ഏറ്റെടുക്കൽ ഒരു ഭഗീരഥ പ്രയത്നമായിരുന്നു. അത് വിജയകരമായി പരാതികൾക്കിട നൽകാതെ പൂർത്തീകരിക്കുവാൻ സാധിച്ചു. കൂടാതെ റൺവേ നിര്‍മ്മാണത്തിനായി 10.25 ഏക്കര്‍ ഭൂമി അധികമായി ഏറ്റെടുത്തു. 2014-ല്‍ പദ്ധതിയുടെ നിര്‍മ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഭൂമി ഏറ്റെടുക്കല്‍, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, റൺവേ നിര്‍മ്മാണം, പാറപൊട്ടിക്കല്‍ എന്നിവയിൽ അനാവശ്യമായ തടസ്സങ്ങള്‍ സൃഷ്ടിക്കുന്നതില്‍ സ്ഥലം എം. എല്‍. എയും ഇപ്പോഴത്തെ ഉത്സാഹ കമ്മറ്റിക്കാരും കാണിച്ച ‘ആത്മാര്‍ഥത’ ഞാന്‍ ഓര്‍ക്കുന്നു. 2016ൽ റൺവേയുടെ നിർമ്മാണം പരിപൂർണ്ണമായി പൂർത്തിയാക്കി പരീക്ഷണ പറക്കലും വിജയകരമായി നടത്തിയിരുന്നു. എ.ടി.സി. ടവർ, ടെക്നിക്കൽ ബിൽഡിംഗ്, ടാക്സി വേ, ഏപ്രൻ, ഇന്റഗ്രേറ്റഡ് ടെർമിനൽ ബിൽഡിംഗ് എന്നീ നിർമ്മാണ പ്രവർത്തനങ്ങളും ഇ ആൻഡ് എം ഉപകരണങ്ങൾ, എസ്കലേറ്റർ, ലിഫ്റ്റ് എന്നിവയുടെ ടെണ്ടർ നടപടികളും ഉൾപ്പെടെ പദ്ധതിയുടെ 90 ശതമാനം പ്രവർത്തനങ്ങളും ഉമ്മൻ ചാണ്ടി സർക്കാർ പൂർത്തിയാക്കിയിരുന്നു. ബി. പി. സി. എല്ലുമായുള്ള ഇക്വിറ്റി പാർട്ടിസിപ്പേഷന്‍, എയര്‍പോര്‍ട്ട് അതോറിറ്റി, മെറ്റീരിയോളജിക്കല്‍ വകുപ്പ് എന്നിവയുമായുള്ള വിവിധ ധാരണാപത്രങ്ങള്‍, ബി. പി. സി. എല്‍. – കിയാല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന ജോയിന്റ് വെഞ്ച്വര്‍ കമ്പനിയുടെ രൂപീകരണം, റൺവേയുടെ നിർമ്മാണം, സ്റ്റാറ്റ്യൂട്ടറിയായി വേണ്ട അനുമതികൾ, മറ്റ് നിർമ്മാണ പ്രവർത്തനങ്ങൾ എന്നിങ്ങനെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ 90 ശതമാനം ജോലികളും നടന്നത് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് കേവലം രണ്ട് വർഷം കൊണ്ടാണ് നടന്നതെന്നത് പകല്‍ പോലെ വ്യക്തമാണ്. എന്നാൽ ബാക്കി പത്ത് ശതമാനം നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുവാൻ എൽ. ഡി. എഫ്. സർക്കാരിന് വേണ്ടി വന്നത് രണ്ടര വർഷമാണ്! സർക്കാർ പദ്ധതി പ്രവർത്തനങ്ങളിൽ പുലർത്തിയ അലംഭാവവും അവധാനതയും താല്പര്യമില്ലായ്മയും ഇതിൽ വ്യക്തമാണ്.
ഇങ്ങനെയൊക്കെ ആണെങ്കിലും ഇതെല്ലാം അറിയാമെങ്കിലും നേരിട്ട് ഒരു ഫോൺ വിളിച്ച് ക്ഷണിക്കുവാനുള്ള സൗമനസ്യം കാണിക്കുവാന്‍ സര്‍ക്കാരോ കിയാൽ മാനേജ്മെന്റോ തുനിഞ്ഞില്ലെന്നത് അത്യന്തം ഖേദകരമാണ്. എങ്കിലും ഞാന്‍ അഭിമാനിക്കുന്നു, സന്തോഷിക്കുന്നു.