ജോണ്‍ കെ ഏലിയാസ്|
Last Updated:
വെള്ളി, 7 ഡിസംബര്‍ 2018 (16:54 IST)
കോട്ടയം ലോക്സഭാ മണ്ഡലം പിടിക്കാന്‍ മൂന്ന് മുന്നണികളും അണിയറയില്‍ നീക്കങ്ങള്‍ ശക്തമാക്കി. എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായി പി സി ജോര്‍ജിന്‍റെ മകന്‍ ഷോണ്‍ ജോര്‍ജ്ജ് എത്തുമെന്ന് ഉറപ്പായി. എന്നാല്‍ യു ഡി എഫില്‍ സീറ്റ് ആര്‍ക്കെന്ന തര്‍ക്കം ശക്തമാണ്. കോട്ടയം സീറ്റ് കോണ്‍ഗ്രസിന് നല്‍കുകയും ഇടുക്കി കേരള കോണ്‍ഗ്രസിന് നല്‍കുകയും ചെയ്യുക എന്നൊരു ഫോര്‍മുല നേരത്തേ ഉരുത്തിരിഞ്ഞതാണ്. എന്നാല്‍ കോട്ടയം വിട്ടുകൊടുക്കാന്‍ കേരള കോണ്‍ഗ്രസ് ഒരുക്കമല്ല.
കോട്ടയം സീറ്റില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് മനസില്‍ കണ്ടത് ഉമ്മന്‍ചാണ്ടിയെ ആയിരുന്നു. രാഷ്ട്രീയ കളം ഡല്‍ഹിയിലേക്ക് മാറ്റിയ ഉമ്മന്‍ചാണ്ടി കോട്ടയത്ത് നിന്ന് ലോക്സഭയിലേക്ക് മത്സരിക്കട്ടെയെന്ന് കോണ്‍ഗ്രസിന് താല്‍പ്പര്യമുണ്ടായിരുന്നു. എന്നാല്‍ കോട്ടയത്തിന്‍റെ കാര്യത്തില്‍ വിട്ടുവീഴ്ചകള്‍ക്ക് കെ എം മാണി ഒരുക്കമായിരുന്നില്ല. മാത്രമല്ല, ലോക്സഭയിലേക്ക് മത്സരിക്കാനുള്ള താല്‍പ്പര്യം ഉമ്മന്‍ചാണ്ടിക്കുമില്ല. നിയമസഭാ പ്രവേശനത്തിന് 50 വര്‍ഷം തികയാനിരിക്കെ ലോക്സഭയിലേക്ക് പോകാന്‍ ഉമ്മന്‍ചാണ്ടി ആഗ്രഹിക്കുന്നില്ല.
അങ്ങനെയെങ്കില്‍ കേരള കോണ്‍ഗ്രസില്‍ നിന്ന് മോന്‍സ് ജോസഫ് കോട്ടയം മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാകും. ഉമ്മന്‍ചാണ്ടി കളത്തിലില്ലെങ്കില്‍ ഒന്ന് ആഞ്ഞ് ശ്രമിച്ചാല്‍ കോട്ടയം പിടിക്കാമെന്ന് എല്‍ ഡി എഫിനും അറിയാം. അതുകൊണ്ടുതന്നെ സുരേഷ് കുറുപ്പിനെ മത്സരിപ്പിക്കാനാണ് സി പി എം ശ്രമിക്കുന്നത്.
ക്രിസ്ത്യന്‍ വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് പി സി ജോര്‍ജ് നിലയുറപ്പിച്ചിരിക്കുന്നത്. ഷോണ്‍ ജോര്‍ജ്ജിനെ ഏത് രീതിയിലും വിജയിപ്പിച്ച് ലോക്സഭയിലെത്തിക്കാനാണ് നീക്കം. ഷോണ്‍ ജയിച്ചാല്‍ പി സി ജോര്‍ജ്ജ് എന്‍ ഡി എയിലെ കരുത്തനായി മാറും. ഷോണ്‍ ജോര്‍ജ്ജിന്‍റെ സ്ഥാനാര്‍ത്ഥിത്വം ഏറ്റവും വലിയ വെല്ലുവിളി ഉയര്‍ത്തുന്നത് മാണി കോണ്‍ഗ്രസിനാണ്.