കോട്ടയം|
jibin|
Last Modified തിങ്കള്‍, 5 മാര്‍ച്ച് 2018 (14:27 IST)
കൊടി നാട്ടിയുള്ള സമരം അനാവശ്യമാണെന്നും കണ്ണിൽ കാണുന്നിടത്തൊക്കെ കൊണ്ടുപോയി നാട്ടാനുള്ളതല്ല പാർട്ടിയുടെ കൊടിയെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്‌താവനയ്‌ക്ക് മറുപടിയുമായി
സിപിഐ സംസ്ഥാന സെക്രട്ടറി
കാനം രാജേന്ദ്രൻ രംഗത്ത്.
കൊടി കുത്തരുതെന്ന നിലപാട് എല്ലാ കൊടികൾക്കും ബാധകമാണെങ്കിൽ സിപിഐ അത് അംഗീകരിക്കും. എഐവൈഎഫ് കൊടി കുത്തിയതു കൊണ്ടാണ് പ്രവാസി ആത്മഹത്യ ചെയ്തതെങ്കിൽ കേസെടുക്കാം. കൊടി കുത്തുന്നതല്ല കുറയ്ക്കേണ്ടത്. ആത്മഹത്യകൾ എങ്ങനെ കുറയ്ക്കാമെന്നാണ് ആലോചിക്കേണ്ടതെന്നും കാനം പറഞ്ഞു.
കൊടികുത്തിയതു മൂലമാണ് സുഗതൻ ആത്മഹത്യ ചെയ്തതെങ്കിൽ നടപടി സ്വീകരിക്കാവുന്നതാണ്. ഇപ്പോൾ എഐവൈഎഫ് പ്രവർത്തകർക്കെതിരെ ഉയർന്നിരിക്കുന്നത് വെറും ആരോപണം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട നടപടികളെ നിയമപരമായി നേരിടുമെന്നും കാനം വ്യക്തമാക്കി.
പുനലൂരിൽ പ്രവാസി വ്യവസായി സുഗതൻ ആത്മഹത്യ ചെയ്ത സംഭവത്തിന് കാരണമായ എ ഐ വൈ എഫിനെ തള്ളി മുഖ്യമന്ത്രി നിയമസഭയില്‍ പ്രസ്‌താവന നടത്തിയതാണ് കാനത്തെ ചൊടിപ്പിച്ചത്.
സുഗതൻ ആത്മഹത്യ ചെയ്തത് എ ഐ വൈ എഫ് കൊടിനാട്ടി പണി തടസ്സപ്പെടുത്തിയതിനാലാണ്. ഈ സംഭവം ദൗർഭാഗ്യകരമാണ്. കൊടി നാട്ടിയുള്ള സമരം അനാവശ്യമാണ്. കണ്ണിൽ കാണുന്നിടത്തൊക്കെ കൊണ്ടുപോയി നാട്ടാനുള്ളതല്ല പാർട്ടിയുടെ കൊടി. എല്ലാവരും എതിര്‍ത്തിട്ടും ഇപ്പോഴും നോക്കുകൂലി വ്യവസ്ഥ നിലവിലുണ്ട്. കൊടി നാട്ടുന്ന സംഭവത്തിൽ ഏത് പാർട്ടിയായാലും അംഗീകരിക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കിയിരുന്നു.