കോഴിക്കോട്|
jibin|
Last Updated:
ചൊവ്വ, 20 ജൂണ്‍ 2017 (11:59 IST)
ജനകീയ സമരങ്ങളെ ചോരയിൽ മുക്കി കൊല്ലാമെന്ന് കരുതുന്ന രാഷ്ട്രീയ മുന്നണിയല്ല ഇടതുപക്ഷ ജനാധിപത്യ മുന്നണിയെന്ന്
സിപിഐ സംസ്ഥാന അധ്യക്ഷൻ കാനം രാജേന്ദ്രൻ. പുതുവൈപ്പിലെ ജനകീയ സമരത്തിനെതിരായ പൊലീസ് നടപടിക്കെതിരെയാണ് കാനം ഫേസ്ബുക്ക് പോസ്‌റ്റിലൂടെ നയം വ്യക്തമാക്കിയിരിക്കുന്നത്.
കാനം രാജേന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണ്ണരൂപം:-
ജനകീയ സമരങ്ങളെ ചോരയിൽ മുക്കി കൊല്ലാം എന്ന് കരുതുന്ന രാഷ്ട്രീയ മുന്നണി അല്ല ഇടതുപക്ഷ ജനാധിപത്യ മുന്നണി. കഴിഞ്ഞ യു ഡി എഫ് സർക്കാരിനെതിരെ നടന്ന ജനകീയ സമരങ്ങളാണ് കേരളത്തിൽ ഇടതുപക്ഷ ഭരണത്തിന് വഴി ഒരുക്കിയത്.
ഐ ഓ സി പ്ലാന്റിന് സംരക്ഷണം നൽകാൻ കോടതി നിർദേശം ഉള്ളത് കൊണ്ടാണ് സമരത്തെ നേരിടുന്നത് എന്ന് പറയുന്ന പോലീസ് മറൈൻ ഡ്രൈവിൽ പ്രകടനം നടത്തുന്ന സമരക്കാരെ എന്തിനാണ് തല്ലി ചതക്കുന്നത് ? സ്ത്രീകളെയും കുട്ടികളെയും തല്ലി ചതക്കുകയും, പ്രായമായവരെ പോലും പിന്നാലെ ചെന്ന് ലാത്തി ചാർജ് നടത്തുകയും ചെയ്യുന്നതിനെ നരനായാട്ട് എന്നല്ലാതെ എന്താണ് പറയുക ? സമരത്തിൽ പങ്കെടുത്ത് അറസ്റ്റിലായ 63 പേരും വൈപ്പിൻ കാർ ആണ്.
പദ്ധതിയിൽ ജനങ്ങൾക്ക് ആശങ്ക ഉണ്ട് .അവരുടെ ആശങ്ക ദൂരീകരിക്കാൻ സർക്കാരിന് ബാധ്യത ഉണ്ട് . പ്ലാന്റ് വരുന്നു എന്നറിഞ്ഞ സമയം മുതൽ അവിടെ ഉള്ള ജനങ്ങൾ നിയമ വഴിയിലൂടെയുള്ള പോരാട്ടത്തിൽ ആയിരുന്നു . ഇപ്പോൾ മൂന്ന് മാസക്കാലമായി അവിടെ പ്രത്യക്ഷ സമരം തുടങ്ങിയിട്ട് . സമരത്തിന് തീവ്രവാദ ബന്ധം ഉണ്ടെന്നു പറഞ്ഞു തങ്ങളുടെ ഭാഗം ന്യായീകരിക്കാൻ ഉള്ള ശ്രമം ആണ് പോലീസ് നടത്തുന്നത് . ഇന്ന് സമര പന്തലിൽ അവരെ കാണാനും അവരോട് സംസാരിക്കാനുമായി അവിടേക്ക് പോകുന്നുണ്ട് ....