കോഴിക്കോട്|
Last Modified ശനി, 14 ജനുവരി 2017 (18:06 IST)
എഴുത്തുകാരന്‍ കമല്‍സി ചവറ ദേശദ്രോഹം ആരോപിക്കപ്പെട്ട തന്റെ പുസ്തകം കത്തിച്ചു. ‘ശ്മശാനങ്ങളുടെ നോട്ടുപുസ്തകം’ എന്ന പുസ്തകം കോഴിക്കോട് പൊതുജനമധ്യത്തില്‍ വെച്ചാണ് അദ്ദേഹം കത്തിച്ചത്. മാനാഞ്ചിറയ്ക്ക് സമീപം പുസ്തകം കത്തിച്ച അദ്ദേഹം വേട്ടയാടല്‍ ഇനിയും തുടര്‍ന്നാല്‍ എഴുത്ത് നിര്‍ത്തുമെന്നും പ്രഖ്യാപിച്ചു.
വീട്ടില്‍ അമ്മയ്ക്കും ഹൃദ്‌രോഗിയായ അച്‌ഛനും ബധിരനും മൂകനുമായ ചേട്ടന്റെ കുടുംബത്തിനും സമാധാനമായി ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. തനിക്കെതിരെ ചുമത്തപ്പെട്ട രാജ്യദ്രോഹക്കുറ്റം ഇതുവരെയും പിന്‍വലിക്കപ്പെട്ടിട്ടില്ല.
തനിക്കും നദീറിനുമെതിരെ പൊലീസ് വേട്ട തുടരുന്നുണ്ട്. ഡി ജി പി കള്ളം പറയുകയാണ്. വീട്ടില്‍ ഇന്റലിജന്‍സ് കയറിയിറങ്ങി വീട്ടുകാരെ ഭയപ്പെടുത്തുകയാണ്. പുസ്തകം കത്തിക്കാന്‍ തീരുമാനിച്ചത് ഇക്കാരണത്താല്‍ ആണെന്നും അദ്ദേഹം പറഞ്ഞു.
എഴുത്തുകാരനായ സക്കറിയ ഒഴികെ സാംസ്കാരികരംഗത്തു നിന്നുള്ള ഒരാളും തന്റെ കാര്യത്തില്‍ പ്രതികരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.