ചോറു കഴിച്ചുകൊണ്ടിരുന്ന ജോയ് മാത്യുവിനോട് കമലാക്ഷിയമ്മ ചോദിച്ചു, ‘എന്താ ജോലി?’?

കമലാക്ഷിയമ്മ ജോയ് മാത്യുവിനോട് ചോദിച്ചു, ‘എന്താണ് ജോലി’

തിരുവനന്തപുരം| Last Modified വെള്ളി, 3 ഫെബ്രുവരി 2017 (14:30 IST)
നല്ല നാടന്‍ ഊണ് കഴിച്ചതിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് നടന്‍ ജോയ് മാത്യു കഴിഞ്ഞദിവസം ഫേസ്‌ബുക്കില്‍ പ്രസിദ്ധീകരിച്ച പോസ്റ്റ് വൈറല്‍ ആയിരുന്നു. 90000ല്‍ അധികം ആളുകള്‍ ലൈക്ക് ചെയ്ത പോസ്റ്റ് ഫേസ്‌ബുക്കില്‍ ഷെയര്‍ ചെയ്തത് 18, 500 ന് അടുത്ത് ആളുകള്‍ ആയിരുന്നു. 4500 ഓളം കമന്റുകളും ഈ പോസ്റ്റിന് വന്നിരുന്നു. പോസ്റ്റിന് ലഭിച്ച കമന്റുകളില്‍ ഒന്നിന് ജോയ് മാത്യു പറഞ്ഞ മറുപടിയാണ് ഇപ്പോള്‍ ഫേസ്‌ബുക്കില്‍ വൈറല്‍ ആയിരിക്കുന്നത്.

‘ങ്ങള് നടനാണെന്ന് ഓല്ക്ക് മനസ്സിലായോ ജോയേട്ടാ.?‘ എന്നായിരുന്നു കമ്പന്റുകളില്‍ വന്ന ഒരു ചോദ്യം. അതിനായിരുന്നു, ജോയ് മാത്യുവിന്റെ നര്‍മ്മത്തില്‍ ചാലിച്ചുള്ള മറുപടി.

മറുപടി ഇങ്ങനെ, ‘അതാണു കൂടുതൽ രരസകരമായത്‌- ഊണ് കഴിക്കുമ്പോൾ ആദ്യചോദ്യം വന്നു "എവിടെയാ നാട്‌?" ഞാൻ പടഞ്ഞു "കോഴിക്കോട്‌"
രണ്ടാമത്തെ ചോദ്യം " ഇവിടെ എന്താ ജോലി?"
ഞാൻ പറഞ്ഞു "സിനിമയിലാ"
യതൊരു ഭാവവ്യത്യാസവുമില്ലാതെ
ചോദിച്ചു " കുറച്ചൂടെ കറി ഒഴിക്കട്ടെ?"

ജോയ് മാത്യുവിന്റെ ഈ മറുപടി ആരാധകര്‍ന്ന് നന്നേ ബോധിച്ചു. ഇപ്പറഞ്ഞത് പുളുവാണെന്നും ജോയ് മാത്യു എന്ന നടനെ അറിയാത്ത മലയാളികള്‍ ഇല്ലെന്നുമായിരുന്നു ചിലരുടെ മറുപടി. എന്നാല്‍, പാലക്കാടുകാര്‍ എന്നും സിനിമാക്കാരെ കാണുന്നത് കൊണ്ട് ആയിരിക്കും ഇതിലൊന്നും ഇത്ര പുതുമ തോന്നാത്തതെന്നാണ് ചിലരുടെ പക്ഷം. കഴിഞ്ഞ ദിവസം ആയിരുന്നു,
ഒറ്റപ്പാലത്തുള്ള പനയൂർ എന്ന സ്ഥലത്തുനിന്ന് പത്മനാഭേട്ടനും ഭാര്യ കമലാക്ഷി അമ്മയും നടത്തുന്ന ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചതിന്റെ വിശേഷം എഫ് ബിയില്‍ പങ്കുവെച്ചത്. ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്,

'ഇന്ന് ഒറ്റപ്പാലത്ത്‌ പനയൂര്‍ എന്നിടത്ത്‌
"ചക്കര മാവിന്‍ കൊമ്പത്ത്‌"എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ്‌ - അടുത്തുള്ള ചെറിയ ചായക്കട കണ്ടപ്പഴേ മനസ്സ്‌ പറഞ്ഞു- ഇവിടെ നല്ല നാടന്‍ ഊണു കിട്ടാന്‍ സാദ്ധ്യതയുണ്ട്‌-
സംഗതി ശരിയാണ് - നല്ല പുത്തരിയുടെ ചോര്‍,
നാടന്‍ കറികള്‍,
തോരന്‍, അയല പൊരിച്ചത്‌, പപ്പടം, വീട്ടിലെ പശുവിന്റെ പാലില്‍ നിന്നുണ്ടാക്കിയ നല്ല
നാടന്‍ മോരും
പിന്നെ രസവും. കുടിക്കാനാണെങ്കിലോ സ്വന്തം വീട്ടിലുള്ള കിണറ്റിലെ പച്ചവെള്ളം- എല്ലാം പാകം ചെയ്യുന്നത്‌ പത്മനാഭേട്ടനും ഭാര്യ കമലാക്ഷി അമ്മയും-
കോഴിക്കോടന്‍ ഭാഷയില്‍ പറഞ്ഞാല്‍ ഊണ്‍ റാഹത്തായി. ആകെ അന്‍പത്‌ രൂപ-
പണം കൊടുക്കുംബോള്‍ ഞാന്‍ പത്മനാഭേട്ടനോട്‌ ചോദിച്ചു ആകെ എത്ര പേര്‍ ഊണു കഴിക്കാന്‍ വരും?
"മൂപ്പര്‍ പറഞ്ഞു "പത്ത്‌ പന്ത്രണ്ട്‌ പേരൊക്കയുണ്ടാകും"
ഞാന്‍ ഞെട്ടി
മൂപ്പര്‍ പറഞ്ഞു " ഞാനിത്‌ ലാഭത്തിനുവേണ്ടി നടത്തുന്നതല്ല
എനിക്ക്‌ എഴുപത്തി രണ്ടു വയസ്സായി
ഇനി ലാഭമുണ്ടാക്കി എങ്ങോട്ട്‌ കൊണ്ടുപോകാനാ? കുറച്ചാളുകള്‍ക്ക്‌ ചോറു കൊടുക്കുംബോള്‍ ഒരു സുഖം ,
അത്രതന്നെ"
വീട്ടില്‍ രണ്ടു പശു രണ്ട്‌ പോത്ത്‌ പിന്നെ വറ്റാത്ത ഒരു കിണറും" പശു പാല്‍ തരും പക്ഷേ എന്തിനാ പോത്തുകള്‍, കൃഷിപ്പണിയുണ്ടോ എന്ന എന്റെ ചോദ്യത്തിനു പത്മനാഭേട്ടന്റെ ഉത്തരം ഇങ്ങിനെയായിരുന്നു "പണ്ടുണ്ടായിരുന്നു ഇപ്പോള്‍ കൃഷിപ്പണിയില്ലല്ലൊ ഉണ്ടെങ്കില്‍തന്നെ പോത്തുകളും മറ്റും വേണ്ടല്ലോ എന്നാലും നമ്മള്‍ കടയടച്ച്‌ വീട്ടിലേക്ക്‌ ചെല്ലുംബോള്‍ നമ്മുടെ വീട്ടുമൃഗങ്ങള്‍ നമ്മളെ തൊട്ടും തലോടിയും നമുക്ക്‌ വല്ലാത്തൊരു സ്നേഹം തരും - മൂന്ന് പെണ്മക്കള്‍ ഉണ്ടായിരുന്നവരെ വിവാഹം ചെയ്തയച്ചു -വീട്‌ ശൂന്യമായി അപ്പോള്‍ ഞങ്ങള്‍ക്ക് മിണ്ടിപ്പറയാന്‍ ഇവരൊക്കെയേയുള്ളൂ"
ചില മനുഷ്യര്‍ അങ്ങിനെയാണു
ലാഭക്കൊതിയില്‍ നെട്ടോട്ടമോടുന്ന നമ്മളില്‍ നിന്നും വിഭിന്നമായി ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നവര്‍.
മനസ്സറിഞ്ഞ്‌ വിളമ്പുന്നവര്‍ വിരളമാകുന്ന ഈ കാലത്ത്‌ പത്മനാഭേട്ടനും കമലാക്ഷിയമ്മയും
അന്നം വിളബിത്തരുംബോള്‍ മനസ്സ്‌ കൊണ്ട്‌
ഞാന്‍ എന്റെ വീട്ടിലെത്തുന്നു-
ഞാനെന്റെ അഛനമ്മാരുടെ സാമീപ്യം അനുഭവിക്കുന്നു;
നന്ദി'



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :