ചാലക്കുടി|
aparna shaji|
Last Modified തിങ്കള്‍, 21 മാര്‍ച്ച് 2016 (10:30 IST)
നടൻ കലാഭവൻ മണി മരിക്കുന്നതിന് കുറച്ച് ദിവസം മുൻപ് മുതൽ കടുത്ത സമ്മർദത്തിൽ ആയിരുന്നുവെന്ന് സഹായികൾ പൊലീസിനു മൊഴി നൽകി. കരൾ രോഗത്തെതുടർന്നാണ് മണി നിരാശയിലായതെന്നും പാടിയിലായിരുന്ന സമയത്ത് വീട്ടുകാരുമായി മണി അകൽച്ച പാലിച്ചിരുന്നെന്നും
സഹായികളായ അരുൺ, വിപിൻ, മുരുകൻ എന്നിവരാണ് പൊലീസിന് മൊഴി നൽകിയത്.
അതീവഗുരുതരാവസ്ഥയിൽ മണിയെ ആശുപത്രിയിൽ എത്തിച്ചതിനു ശേഷം സഹായികളായ അരുൺ, വിപിൻ, മുരുകൻ എന്നിവർ മണിയുടെ ഔട്ട്‌ഹൗസായ പാടി കഴുകി വൃത്തിയാക്കിയിരുന്നു. തെളിവുകൾ നശിപ്പിക്കുവാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്ന് മണിയുടെ സഹോദരൻ രാമകൃഷ്ണൻ ആരോപിച്ചിരുന്നു. ഇതിനെ തുടർന്ന് പൊലീസ് സഹായികളെ കസ്റ്റ്ഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.
കരൾ രോഗം മണിയെ കൂടുതൽ തളർത്തിയിരുന്നെന്നും പലപ്പോഴും മറ്റു ജോലി നോക്കണമെന്ന് അദ്ദേഹം പറഞ്ഞിരുന്നെന്നും സഹായികൾ പൊലീസിനോട് പറഞ്ഞു. അതേസമയം കലാഭവന്‍ മണി ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും എന്തിനെയും നേരിടാനുള്ള മനക്കരുത്ത് അദ്ദേഹത്തിനുണ്ടായിരുന്നെന്നും കുടുംബവുമായി നല്ല ബന്ധം പുലര്‍ത്താറുണ്ടെന്നും ലൊക്കേഷനുകളില്‍ നിന്നുപോലും മകളെയും ഭാര്യയെയും എന്നും വിളിക്കാറുണ്ടെന്നും മേക്കപ്പ്മാനായ ജയറാം പറഞ്ഞു.
അതീവഗുരുതരാവസ്ഥയിൽ മണിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴോ ആശുപത്രിയിൽ പ്രവേശിപ്പിച്ച സമയത്തോ പോസ്റ്റ്മോർട്ടം ചെയ്തപ്പോഴോ മണിയുടെ ശരീരത്തിൽ കീടനാശിനിയുടെ ഗന്ധം ഉണ്ടായിരുന്നില്ല എന്നാണ് ഡോക്ടർമാർ പൊലീസിനോട് പറഞ്ഞു. അതുകൊണ്ട് തന്നെ മണിയുടെ ആന്തരികാവയവങ്ങൾ വീണ്ടും പരിശോധനക്കയക്കും.
സഹായികളെ ചോദ്യം ചെയ്തുവരുന്നുണ്ടെങ്കിലും മണിയുടെ മരണം കൊലപാതകമാണോ ആത്മഹത്യയാണോ എന്ന കാര്യത്തിൽ പൊലീസിനു ഇതു വരെ വ്യക്തത വരുത്താൻ കഴിഞ്ഞിട്ടില്ല. മണിയുമായി ബന്ധമുള്ള കൂടുതല്‍ പേരെ ചോദ്യം ചെയ്യാനും കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാനും ഇന്നലെ ചേര്‍ന്ന അന്വേഷണസംഘത്തിന്റെ അവലോകനയോഗത്തില്‍ പൊലീസ് തീരുമാനിച്ചു.