മണിയുടെ മരണം: ചികിൽസയിൽ പിഴവുണ്ടോയെന്ന് അന്വേഷിക്കാൻ കൊച്ചി പൊലീസിന് നിർദേശം

മണിയുടെ മരണം സംബന്ധിച്ച് അന്വേഷണം നടത്തുന്ന പ്രത്യേക സംഘം ചികിൽസയിൽ പിഴവുണ്ടോയെന്ന് അന്വേഷിക്കാൻ കൊച്ചി പൊലീസിന് നിർദേശം നൽകി.

ചാലക്കുടി, മരണം, കലാഭവന്‍ മണി, പൊലീസ് chalakkudi, death, kalabhavan mani, police
ചാലക്കുടി| Sajith| Last Modified ഞായര്‍, 20 മാര്‍ച്ച് 2016 (14:36 IST)
മണിയുടെ മരണം സംബന്ധിച്ച് അന്വേഷണം നടത്തുന്ന പ്രത്യേക സംഘം ചികിൽസയിൽ പിഴവുണ്ടോയെന്ന് അന്വേഷിക്കാൻ കൊച്ചി പൊലീസിന് നിർദേശം നൽകി. ആശുപത്രിയിലെ സി സി ടി വി ദൃശ്യങ്ങളും പരിശോധിക്കും. രാസപരിശോധനാ ഫലവും ആശുപത്രി റിപ്പോർട്ടും തമ്മിൽ വൈരുധ്യമുണ്ടായതിന്റെ അടിസ്ഥാനത്തിലാണ് ഈ നിര്‍ദേശം.

അതേസമയം, കലാഭവൻ മണിയുടെ തറവാട്ടു വളപ്പില്‍നിന്ന് കണ്ടെടുത്ത ക്ലോർപൈറിഫോസ് കീടനാശിനി വാങ്ങിയവരെ കണ്ടെത്താൻ അന്വേഷണ സംഘം ശ്രമം ആരംഭിച്ചു. ചാലക്കുടിയിലുള്ള നാലു കടകളിൽ ഈ മാരകമായ കീടനാശിനി വിൽക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. മണിയോ സുഹൃത്തുക്കളോ കീടനാശിനി വാങ്ങിയിട്ടുണ്ടോയെന്നു പരിശോധിക്കും. സമീപദിവസങ്ങളിൽ കീടനാശിനി വാങ്ങിയവരെയും പൊലീസ് നിരീക്ഷിക്കുന്നുണ്ട്.

മണിയുടെ ഔട്ട്ഹൗസായ പാടിയിലെ സെപ്ടിക് ടാങ്കിൽനിന്നു കണ്ടെടുത്ത വസ്തുക്കളിൽ കീടനാശിനിക്കുപ്പിയും ഉണ്ടെന്നു സൂചനയുണ്ട്. മണിയുടെ സഹോദരനായ ആർ എൽ വി രാമകൃഷ്ണൻ താമസിക്കുന്ന തറവാട്ടു പറമ്പിൽ നിന്നുമാണ് കീടനാശിനിയുടെ ടിന്നുകൾ കണ്ടെത്തിയത്. രാസവസ്തു മിശ്രിതം അടങ്ങിയ കുപ്പിയാണ് കണ്ടെത്തിയതെന്നും കീടനാശിനിയാണോ ഇതിലുള്ളതെന്നു കണ്ടെത്തുന്നതിനായി ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കുമെന്നും പൊലീസ് വ്യക്തമാക്കി.

കലാഭവൻ മണി മരിച്ചതു വിഷം ഉള്ളിൽച്ചെന്നാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ മണി മരിച്ചതു ഗുരുതര കരൾ രോഗം മൂലമാണെന്നായിരുന്നു നേരത്തേ പുറത്തുവന്ന വിവരം. ആന്തരികാവയവ പരിശോധനാഫലത്തിൽ കീടനാശിനി സാന്നിധ്യം കണ്ടെത്തിയതോടെയാണു വിഷമാണു മരണകാരണമെന്നു സ്ഥിരീകരിച്ചത്. കൂടാതെ കൊച്ചിയിലെ രാസപരിശോധനാ ലാബിൽ നിന്നുള്ള പരിശോധനാ ഫലത്തിലും കീടനാശിനി സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. മണിയുടെ ശരീരത്തിൽ എങ്ങനെ വിഷാംശം എത്തി എന്ന കാര്യത്തിൽ ഇനിയും വ്യക്തത അവശേഷിക്കുകയാണ്‍.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :