തുമ്പി എബ്രഹാം|
Last Modified വ്യാഴം, 3 ഒക്‌ടോബര്‍ 2019 (09:30 IST)
കേരളാ – കർണാടക അതിർത്തിയിലെ ബന്ദിപ്പൂർ വനം വഴി രാത്രിയാത്രാ നിരോധനത്തിനെതിരായ കേസില്‍ വാദിക്കാൻ സുപ്രീം കോടതിയിൽ കപില്‍ സിബല്‍ ഹാജരാകും. ഈ മാസം 14 കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കുമ്പോളാവും മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബല്‍ ഹാജരാവുക.
വയനാട് എംപിയായ രാഹുൽ ഗാന്ധി പറഞ്ഞതിനെ തുടർന്നാണ് കോഴിക്കോട് എംപിയായ എംകെ രാഘവന് വേണ്ടി കപില്‍ സിബല്‍ കേസ് ഏറ്റെടുത്തത്.
കോഴിക്കോട് നിന്നും കൊല്ലഗല്‍ ദേശീയപാതയിലൂടെയുള്ള രാത്രിയാത്രയ്ക്ക് കഴിഞ്ഞ പത്ത് വര്‍ഷമായി നിരോധനം നിലനില്‍ക്കുകയാണ്. ഇപ്പോൾ നിലവിലുള്ള യാത്രനിയന്ത്രണം കൂടുതല്‍ ശക്തമാക്കാനും പകല്‍ സമയത്തേക്ക് നീട്ടാനുമുള്ള സാധ്യത സുപ്രീംകോടതി ആരാഞ്ഞതോടെ ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് വയനാട്ടില്‍ നടക്കുന്നത്.