1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. K Sudhakaran Congress Kannur Seat

കോൺഗ്രസിൽ 'അടിയോടടി'; സീറ്റില്ലെങ്കിൽ സുധാകരൻ പുറത്തേക്ക്! സതീശന്റെ പ്ലാൻ പാളി

കെപിസിസി അധ്യക്ഷസ്ഥാനത്തു നിന്ന് തന്നെ നീക്കിയത് നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ണൂർ സീറ്റ് നൽകാമെന്ന ധാരണയിലാണ്

K Sudhakaran, KPCC, K Sudhakaran issue, K Sudhakaran KPCC, K Sudhakaran vs VD Satheesan
സംസ്ഥാന കോൺഗ്രസിൽ പൊട്ടിത്തെറി രൂക്ഷം. കെപിസിസി മുൻ അധ്യക്ഷൻ കെ.സുധാകരൻ തന്നെ സംസ്ഥാന നേതൃത്വത്തിനും ഹൈക്കമാൻഡിനും എതിരെ രംഗത്തിറങ്ങിയിരിക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ തനിക്കു സീറ്റില്ലെങ്കിൽ കടുത്ത തീരുമാനമെടുക്കുമെന്നാണ് പാർട്ടി നേതൃത്വത്തിനു സുധാകരന്റെ മുന്നറിയിപ്പ്. 
 
കെപിസിസി അധ്യക്ഷസ്ഥാനത്തു നിന്ന് തന്നെ നീക്കിയത് നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ണൂർ സീറ്റ് നൽകാമെന്ന ധാരണയിലാണ്. പാർട്ടി നേതൃത്വം ഇപ്പോൾ കാണിക്കുന്നത് നീതികേടാണ്. സീറ്റ് നൽകിയില്ലെങ്കിൽ പാർട്ടി വിടുന്നതടക്കമുള്ള കടുത്ത തീരുമാനങ്ങളിലേക്ക് കടക്കുമെന്ന ഭീഷണിയും സുധാകരൻ മുഴക്കുന്നു. 
 
ലോക്‌സഭാ എംപിമാർ മത്സരിക്കേണ്ടതില്ലെന്നാണ് ഹൈക്കമാൻഡിന്റെയും സംസ്ഥാന നേതൃത്വത്തിന്റെയും നിലപാട്. അടൂർ പ്രകാശ്, എം.കെ.രാഘവൻ, കൊടിക്കുന്നിൽ സുരേഷ് തുടങ്ങിയ എംപിമാരെല്ലാം നിയമസഭയിലേക്ക് മത്സരിക്കാൻ ആഗ്രഹിക്കുന്നവരാണ്. എല്ലാ എംപിമാരും മാറിനിൽക്കുകയാണെങ്കിൽ തങ്ങളും അതിനു തയ്യാറാണെന്ന് ഇവർ നേരത്തെ നിലപാടെടുത്തിരുന്നു. എന്നാൽ സുധാകരനു സീറ്റ് നൽകി കോൺഗ്രസ് സമവായത്തിലേക്ക് എത്തിയാൽ ഈ സീറ്റ് മോഹികളെല്ലാം വീണ്ടും തലപൊക്കും. 
 
ഇതിനിടെ കണ്ണൂർ തന്റെ ജീവരക്തമാണെന്ന ഫെയ്‌സ്ബുക്ക് പോസ്റ്റുമായി സുധാകരൻ രംഗത്തെത്തി. കണ്ണൂർ തന്റെ ഹൃദയരക്തമാണെന്ന് സുധാകരൻ പറഞ്ഞു. കടന്നുവന്ന കനൽവഴികൾ ഒരുപക്ഷേ മറ്റുള്ളവർക്കു മറക്കാനാകുമായിരിക്കുമെന്നും തനിക്കതൊന്നും മരണത്തിലും മറക്കാനാവാത്ത യാഥാർഥ്യങ്ങളാണെന്നും സുധാകരൻ ഫെയ്സ്ബുക്കിൽ കുറിച്ചു.
അടുത്ത ലേഖനം
റഷ്യൻ എണ്ണ വാങ്ങാമെന്ന് യുഎസ്, പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ കോളടിച്ചത് റഷ്യയ്ക്ക്