രേണുക വേണു|
Last Modified വെള്ളി, 19 ജനുവരി 2024 (15:48 IST)
K Rajan, Suresh Gopi, Narendra Modi
പ്രധാനമന്ത്രി നരേന്ദ്ര മോദി തൃശൂരില്‍ രണ്ട് തവണ വന്നതുകൊണ്ട് ബിജെപി തിരഞ്ഞെടുപ്പില്‍ ജയിക്കില്ലെന്ന് മന്ത്രി കെ.രാജന്‍. പ്രധാനമന്ത്രി രണ്ട് തവണ വന്നതുകൊണ്ട് എന്തെങ്കിലും പ്രത്യേക നേട്ടം ബിജെപിക്ക് തൃശൂരില്‍ ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നും തൃശൂര്‍ക്കാര്‍ക്ക് കൃത്യമായ രാഷ്ട്രീയമുണ്ടെന്നും രാജന്‍ പറഞ്ഞു. നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി തൃശൂരില്‍ എത്തിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരിലെ ബിജെപി സ്ഥാനാര്‍ഥിയായി സുരേഷ് ഗോപി എത്തുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.
' പ്രധാനമന്ത്രി രണ്ട് തവണ തൃശൂരില്‍ എത്തിയതുകൊണ്ട് പ്രത്യേകമായ എന്തെങ്കിലും നേട്ടം ബിജെപിക്ക് ഉണ്ടാകുമെന്ന് കരുതുന്നില്ല. അങ്ങനെയാണെങ്കില്‍ അദ്ദേഹം ഓരോ ദിവസം പോകുന്ന സ്ഥലത്തെല്ലാം അതുമായി ബന്ധപ്പെട്ട നേട്ടം ഉണ്ടാകണം. അദ്ദേഹം തന്റെ സുഹൃത്ത് കൂടിയായ ഒരാളുടെ മകളുടെ കല്യാണത്തില്‍ പങ്കെടുക്കാന്‍ തൃശൂരില്‍ വന്നു. വൃക്തിപരമായ സന്ദര്‍ശനത്തേക്കാള്‍ ഉപരിയായി വേറൊരു തരത്തിലും അത് സ്വാധീനിക്കപ്പെടുമെന്ന് തോന്നുന്നില്ല,'
' പ്രധാനമന്ത്രി പോയിടത്തെല്ലാം ബിജെപി ജയിക്കണമെങ്കില്‍ എത്ര തവണ അദ്ദേഹം കേരളത്തില്‍ ഇതിനു മുന്‍പും വന്നിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിലും പ്രചാരണത്തിനു വന്നു. അതുകൊണ്ട് പ്രധാനമന്ത്രി ഒരു കല്യാണത്തിനു വന്നതുകൊണ്ട് തൃശൂരില്‍ ആരെങ്കിലും ജയിക്കാമെന്ന് സ്വപ്‌നം കാണുന്നുണ്ടെങ്കില്‍ അത് അനാവശ്യമായ സ്വപ്‌നമാണ്, അതിനുവേണ്ടിയുള്ള വെള്ളം വാങ്ങിവയ്ക്കുകയാണ് നല്ലത്. തൃശൂര്‍ക്കാര്‍ക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്. ആ രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തില്‍ അവര്‍ കൃത്യമായി അടുത്ത തിരഞ്ഞെടുപ്പില്‍ പ്രതികരിക്കും,' കെ.രാജന്‍ പറഞ്ഞു.