മാണിക്ക് യു‌ഡി‌എഫിന്റെ ഉറച്ച പിന്തുണ

കൊച്ചി| VISHNU.NL| Last Updated: ശനി, 22 നവം‌ബര്‍ 2014 (19:11 IST)
ധനമന്ത്രി കെ.എം.മാണിക്കെതിരായ ബാര്‍ കോഴ വിവാദത്തില്‍ അദ്ദേഹത്തിന് യുഡിഎഫ് യോഗം പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. മാണിക്കെതിരായ ആരോപണങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിക്കാനും യോഗത്തില്‍ തീരുമാനമായി. മാണിക്കെതിരായ ആരോപണത്തിന് പിന്നില്‍രാഷ്ട്രീയ പകപോക്കലാണ്. ബാറുടമകള്‍ സര്‍ക്കാരിനെ പ്രതികാര ബുദ്ധിയോടെയാണ് സമീപിക്കുന്നത്. മദ്യനിരോധനം ഘട്ടംഘട്ടമായി നടപ്പാക്കുമെന്നത് യു.ഡി.എഫിന്റെ പ്രഖ്യാപിത നയമാണ്. അതുമായി മുന്നോട്ട് പോവുക തന്നെ ചെയ്യുമെന്ന് യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച കണ്‍വീനര്‍ പിപി തങ്കച്ചന്‍ പറഞ്ഞു.

എന്തൊക്കെ സംഭവിച്ചാലും സര്‍ക്കാര്‍ മദ്യനയത്തില്‍ നിന്ന് പിന്നോട്ട് പോവില്ല. സര്‍ക്കാരിന്റെ മദ്യനയത്തില്‍ എതിര്‍പ്പുള്ളവരാണ് ആരോപണങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്. ബാര്‍
അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശിന്റെ ആരോപണം പൊള്ളയാണെന്ന് ഇതിനോടകം തന്നെ തെളിഞ്ഞതായും തങ്കച്ചന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ദേശീയ പാതകളില്‍ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ വേണ്ടെന്ന ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കില്ല. കോടതി ഉത്തരവ് ഘട്ടംഘട്ടമായി നടപ്പാക്കും. അപ്പീല്‍ നല്‍കാന്‍ വൈകിയെന്ന ആരോപണം ശരിയല്ല. ഈമാസം 25ന് അപ്പീല്‍ നല്‍കും. 29വരെ സമയുണ്ടെങ്കിലും 25ന് തന്നെ അപ്പീല്‍ നല്‍കും. ബാറുകള്‍ പൂട്ടുന്പോള്‍ പുതിയ ബിയര്‍. വൈന്‍ പാര്‍ലറുകള്‍ക്ക് അനുമതി നല്‍കുന്ന കാര്യത്തില്‍ തീരുമാനം ആയില്ലെന്നും തങ്കച്ചന്‍ പറഞ്ഞു.

റബ്ബര്‍ വിലയിടിവ് തടയുന്നതിനായി റബ്ബറിന്റെ ഇറക്കുമതി പൂര്‍ണമായി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍വകക്ഷി സംഘം പ്രധാനമന്ത്രിയെ കാണും. ഇതോടൊപ്പം മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേരളത്തിനുള്ള ആശങ്കയും കേന്ദ്രത്തെ ബോദ്ധ്യപ്പെടുത്തും. പഞ്ചായത്തുകളുടെ വിഭജനം സംബന്ധിച്ച പഠിക്കുന്നതിന് യു.ഡി.എഫ് ഉപസമിതിയെ നിയോഗിക്കും. ഡിസംബര്‍ 15ന് അടുത്ത യു.ഡി.എഫ് യോഗം തിരുവനന്തപുരത്ത് ചേരാനും തീരുമാനിച്ചതായി തങ്കച്ചന്‍ അറിയിച്ചു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :