aparna shaji|
Last Modified തിങ്കള്‍, 30 മെയ് 2016 (16:33 IST)
സമകാലിക രാഷ്ട്രീയത്തിൽ പെൺവീര്യമുള്ള പേരാണ് കെ കെ ശൈലജ. സ്ത്രീപക്ഷ പോരാട്ടങ്ങളുടെ അമരക്കാരി, സഖാവിനെ അങ്ങനെ പറയുന്നതാകും ശരി. കൂത്തുപറമ്പിൽ മന്ത്രിയെ വീഴ്ത്തിയ പോരാട്ടത്തേക്കാൾ വലിയ വീറാണ് പെൺപക്ഷത്തിനായി സംസാരിക്കുമ്പോൾ ഈ അധ്യാപിക പ്രകടിപ്പിക്കാറുള്ളത്. സ്ത്രീപ്രശ്‌നങ്ങൾ ഉന്നയിച്ച് നടന്ന പോരാട്ടങ്ങളുടെ മുൻനിരയിൽ ശൈലജ ടീച്ചർ എന്നുമുണ്ടായിരുന്നു.
ഇരിട്ടിക്കടുത്ത് മാടത്തി സ്വദേശി. 1956 നവംബർ 20ന് കണ്ണൂരിൽ ജനനം. മട്ടന്നൂർ പഴശ്ശിയിലെ കുണ്ടന്റെയും കെ കെ ശാന്തയുടെയും മകളായി ജനനം. മട്ടന്നൂർ കോളേജിൽ വിദ്യാഭ്യാസം. വിദ്യാർഥി-യുവജന പ്രസ്ഥാനങ്ങളിലൂടെ പൊതുരംഗത്ത് സജീവമായി. ജനാധിപത്യ മഹിളാ അസോസിയേഷൻ കണ്ണൂർ ജില്ലാ സെക്രട്ടറിയായും ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗവുമായി പ്രവർത്തിച്ചു.
ശിവപുരം സ്‌കൂൾ അധ്യാപികയായിരിക്കെ മുഴുവൻ സമയവും രാഷ്ട്രീയ പ്രവർത്തനത്തിനായി സമൂഹത്തിലേറിൺഗിയപ്പോൾ അധ്യാപിക എന്ന പദവി ഉപേക്ഷിച്ചു. ഇപ്പോൾ സിപിഐഎം കേന്ദ്രകമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയുമാണ്.
1996ൽ കൂത്തുപറമ്പിൽ നിന്നും വൻ ഭൂരിപക്ഷത്തിൽ കേരള നിയമസഭയിലെത്തി. 2006ൽ രണ്ടാമങ്കത്തിനായി കണ്ടെത്തിയത് പേരാവൂർ. അപ്പോഴും വിജയം കൈവെള്ളയിലൊതുക്കി. എന്നാൽ 2011ൽ ഇവിടെ പരാജയമായിരുന്നു കിട്ടിയത്. കൂത്തുപറമ്പ് മണ്ഡലം തിരിച്ചുപിടിക്കുകയെന്ന ദൗത്യമായിരുന്നു ഇത്തവണ ശൈലജക്ക്. ആ ദൗത്യം ഭംഗിയായി നിറവേറ്റി ശൈലജ മന്ത്രിപദത്തിലേക്ക്. മന്ത്രിയെന്ന നിലയിലുള്ള മികവാകും ഇനി ശൈലജയിൽ നിന്ന് നാട് കാണുക.
ഗ്രാമീണസ്ത്രീകളുടെ ദുരിതങ്ങൾക്കൊപ്പം നിരന്തരം സഞ്ചരിച്ചിട്ടുണ്ട് ഈ അധ്യാപിക. സ്ത്രീകളുടെ പൾസ് അറിയാൻ കഴിവുള്ള പൊതുപ്രവർത്തക അതാണ് ശൈലജ ടീച്ചർ. അധ്യാപനം എന്ന തൊഴിൽ ഉപേക്ഷിച്ചെങ്കിലും ടീച്ചർ എന്നുകൂട്ടിയേ എല്ലാവരും വിളിക്കാറുള്ളു. വീടുകളിലും തൊഴിലിടങ്ങളിലും പൊതുസ്ഥലത്തും സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പഠിച്ചു. ഇരകൾക്ക് നീതി ലഭിക്കാൻ നിയമസഭയിൽ വാദിച്ചു. ഇതൊക്കെയായിരുന്നു ശൈലജ ടീച്ചർ എന്ന അധ്യാപികയെ ഇത്തവണയും ജയിക്കാൻ സഹായിച്ചത്.
സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായുള്ള നിയമസഭാ സമിതി അംഗമായും സാമൂഹ്യക്ഷേമ ബോർഡ് അംഗമായും പ്രവർത്തിച്ചു. ‘സ്ത്രീശബ്ദം’ മാസികയുടെ പത്രാധിപരാണ്. മട്ടന്നൂർ മുനിസിപ്പൽ ചെയർമാൻ കെ ഭാസ്‌കരനാണ് ഭർത്താവ്. ശോഭിത്, ലസിത് എന്നിവർ മക്കൾ. സിൻജു, മേഘ എന്നിവർ മരുമക്കൾ.