'മരിക്കാതിരിക്കാന്‍ ഉള്ള യുദ്ധമാണ്, കല്ലേറുകൾ അതിന്റെ പാട്ടിന് പോട്ടെ’ ; ചെന്നിത്തലയ്ക്ക് മറുപടിയുമായി ആരോഗ്യമന്ത്രി

ചിപ്പി പീലിപ്പോസ്| Last Modified വ്യാഴം, 12 മാര്‍ച്ച് 2020 (18:44 IST)
കോവിഡ് 19നെതിരെ ശക്തവും കെട്ടുറപ്പുള്ളതുമായ ജാഗ്രതയോടെ കേരളം മുന്നോട്ട് പോകുമ്പോൾ അതിനെല്ലാം വഴികാട്ടിയായി മുന്നിൽ തന്നെ നിൽക്കുന്ന ആരോഗ്യമന്ത്രി കെ കെ ഷൈലജയ്ക്കെതിരെ നിയമസഭയിൽ പ്രതിപക്ഷം ആരോപണമുന്നയിച്ചിരുന്നു. ശേഷം മാധ്യമങ്ങൾക്ക് മുന്നിലും മന്ത്രിയെ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ, ചെന്നിത്തലയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി കെ.കെ ശൈലജ രംഗത്ത്. മന്ത്രിക്ക് മീഡിയാമാനിയ ആണെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് മറുപടി പറയുന്നില്ലെന്ന് അവര്‍ പ്രതികരിച്ചു.

അമ്മയെ തല്ലിയാലും രണ്ട് പക്ഷം ഉണ്ടാകുമെന്ന് പറയുന്നത് പോലെയാണ് പ്രതിപക്ഷ ആരോപണം.ഇത് ഒരു യുദ്ധം ആണ്, മരിക്കാതിരിക്കാന്‍ ഉള്ള യുദ്ധം. അതില്‍ വലിയ പിന്തുണ കിട്ടുന്നു. കല്ലേറുകള്‍ അതിന്റെ പാട്ടിന് പോകട്ടെ. ഒന്നും ചെയ്യുന്നത് ഒറ്റയ്ക്കല്ല, കൂട്ടായ പരിശ്രമമാണെന്നും കെകെ ശൈലജ തിരുവനന്തപുരത്ത് പ്രതികരിച്ചു.

ആരോഗ്യമന്ത്രിയുടെ മീഡിയമാനിയ കൂടിപ്പോകുന്നുണ്ടെന്നും അത് കുറയ്ക്കണമെന്നുമായി ചെന്നിത്തല ആവശ്യപ്പെട്ടത്. ഒരു ദിവസം നാല് പത്രസമ്മേളനം വീതം നടത്തി ഇമേജ് ബില്‍ഡിംഗിനുള്ള പരിപാടിയാണ് നടത്തുന്നതെന്നുമാണ് ചെന്നിത്തല ആരോപിച്ചത്. എന്തിനാണ് ഇത്രയ്ക്ക് പത്രസമ്മേളനം നടത്തുന്നതെന്നും ചെന്നിത്തല ചോദിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :