കെ ഫോണ്‍ മാതൃക പഠിക്കാന്‍ സിക്കിം സംഘം കേരളത്തിലെത്തി

കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയ സംഘം കെ ഫോണ്‍ നെറ്റ് വര്‍ക്ക് ഓപ്പറേറ്റിങ്ങ് സെന്റര്‍ (നോക്ക്) സന്ദര്‍ശിച്ചു

K Fon
രേണുക വേണു| Last Modified വ്യാഴം, 26 സെപ്‌റ്റംബര്‍ 2024 (16:45 IST)

കെ ഫോണ്‍ മാതൃക പഠിക്കാന്‍ തമിഴ്നാടിനും തെലങ്കാനയ്ക്കും ശേഷം സിക്കിമും. കേരളത്തിന്റെ സ്വന്തം ബ്രോഡ് ബാന്‍ഡ് കണക്ഷനായ കെ ഫോണിന്റെ വിജയകരമായ പ്രവര്‍ത്തന മാതൃകയെപ്പറ്റിയും വരുമാന രീതിയെപ്പറ്റിയും പഠനം നടത്താനാണ് സിക്കിം ഐ.ടി സെക്രട്ടറി ടെന്‍സിങ്ങ് ടി.കലോണ്‍ന്റെ നേതൃത്വത്തില്‍ സിക്കിം സംഘം എത്തിയത്. സിക്കിം ഐ.ടി അഡീഷണല്‍ ഡയറക്ടര്‍മാരായ എസ്.ടി വാങ്ദി, പ്രേം വിജയ് ബസ്നെത്, ഐ.ടി ഡെപ്യൂട്ടി ഡയറക്ടര്‍ പ്രേം അഷിശ് പ്രധാന്‍, കണ്‍സള്‍ട്ടന്റ് കര്‍മ ലെന്‍ദുപ് ഭുടിയ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയ സംഘം കെ ഫോണ്‍ നെറ്റ് വര്‍ക്ക് ഓപ്പറേറ്റിങ്ങ് സെന്റര്‍ (നോക്ക്) സന്ദര്‍ശിച്ചു. തിരുവനന്തപുരത്തെ കെ ഫോണ്‍ ആസ്ഥാനത്ത് എത്തിയ സംഘം കെ ഫോണ്‍ ടീമില്‍ നിന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കെ ഫോണ്‍ എം.ഡിയുമായ ഡോ. സന്തോഷ് ബാബു ഐ.എ.എസ് (റിട്ട.), രാജ കിഷോര്‍ (സി.ടി.ഒ കെ ഫോണ്‍), രശ്മി കുറുപ്പ് (സി.എഫ്.ഒ കെ ഫോണ്‍), ലേഖ പി (ഡി.ജി.എം കെ ഫോണ്‍), സാം എസ് (ഡി.ജി.എം കെ ഫോണ്‍) എന്നിവരുമായി സംവദിച്ചു. സിക്കിമില്‍ കെ ഫോണ്‍ മാതൃകയില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ നെറ്റ് വര്‍ക്ക് ലാഭകരമായി നടപ്പാക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ സംഘം ചോദിച്ചറിഞ്ഞു.

കേന്ദ്രസര്‍ക്കാരിന്റെ ഭാരത് നെറ്റ് പ്രൊജക്ടിന്റെ റിവ്യൂവില്‍ കേരളത്തിന്റെ മികച്ച പ്രകടനം മനസിലാക്കിയതിനെത്തുടര്‍ന്നാണ് കേരളാ മോഡല്‍ പഠിച്ച് സിക്കിമില്‍ ഇതേ മാതൃകയില്‍ പ്രൊജക്ട് നടപ്പാക്കാന്‍ വേണ്ടി കേരള സന്ദര്‍ശനത്തിന് എത്തിയിരിക്കുന്നതെന്ന് സംഘം അറിയിച്ചു. ശേഷം പോയിന്റ് ഓഫ് പ്രസന്‍സ് (പോപ്പ്) കേന്ദ്രങ്ങളും കെഫോണ്‍ കണക്ഷന്‍ നല്‍കിയ സര്‍ക്കാര്‍ സ്ഥാപനങ്ങളും സംഘം സന്ദര്‍ശിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :