സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 26 സെപ്‌റ്റംബര്‍ 2024 (15:02 IST)
പൂരം കലക്കുന്നതിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥന്‍ തന്നെയാണ് പൂരം കലക്കിയതിനെ കുറിച്ച് ആദ്യം അന്വേഷിച്ചതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ആ അന്വേഷണം പ്രഹസനമായിരുന്നു. പൂരം കലക്കിയതിനെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നാണ് തുടക്കം മുതല്‍ക്കെ യു.ഡി.എഫ് ആവശ്യപ്പെടുന്നത്. എന്താണ് അവിടെ സംഭവിച്ചതെന്ന് കണ്ടെത്തണം. ആ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ വേണം നിയമനടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകേണ്ടത്.
മുഖ്യമന്ത്രിയുടെ അറിവോടെയാണ് തൃശൂരില്‍ പോയി നിന്ന് എ.ഡി.ജി.പി പൂരം കലക്കിയത്. പൂരവുമായി ബന്ധപ്പെട്ട് ക്രമസമാധാന പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് ദിവസങ്ങള്‍ക്ക് മുന്‍പെ കമ്മിഷണര്‍ തയാറാക്കിയ പ്ലാന്‍ മാറ്റി, കലക്കാനുള്ള പുതിയ പ്ലാന്‍ എ.ഡി.ജി.പി നല്‍കിയാണ് പൂരം കലക്കിയത്. ഇത് മുഖ്യമന്ത്രിയുടെ അറിവോടെയാണ് ചെയ്തത്. അല്ലെങ്കില്‍ മുഖ്യമന്ത്രി ഇതു പോലെ ഒരു ഉദ്യോഗസ്ഥനെ സംരക്ഷിക്കുമോയെന്നും പ്രതിപക്ഷനേതാവ് തിരുവനന്തപുരത്ത് മാധ്യമങ്ങളോട് ചോദിച്ചു.