കോട്ടയം|
AISWARYA|
Last Modified വ്യാഴം, 28 ഡിസംബര്‍ 2017 (07:59 IST)
ക്രൈസ്തവ സൈദ്ധാന്തിക വിമര്‍ശകന്‍ ജോസഫ് പുലിക്കുന്നേല്‍ (85) അന്തരിച്ചു. വ്യാഴാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍ നടക്കും. കത്തോലിക്കാ സഭയിലെ പരിഷ്‌കരണവാദിയും വിമര്‍ശകനുമായിരുന്നുജോസഫ് പുലിക്കുന്നേല്‍.
1932 ഏപ്രില്‍ 14ന് ജനിച്ച അദ്ദേഹം സഭയുടെ ചട്ടക്കൂടുകൾക്കുള്ളില്‍ നിന്നു തന്നെ സഭയെ വിമർശിക്കാന്‍ മുന്നോട്ടുവന്നു. മദ്രാസ് പ്രസിഡൻസി കോളജില്‍ നിന്നു സാമ്പത്തികശാസ്‌ത്രത്തില്‍ ഓണേഴ്‌സ് ബിരുദമെടുത്ത ജോസഫ് പുലിക്കുന്നേല്‍ 1958 മുതല്‍ 1967 വരെ കോഴിക്കോട് ദേവഗിരി കോളജില്‍ അധ്യാപകനായിരുന്നു.
1975ൽ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍
‘ഓശാന’ മാസിക ആരംഭിച്ചു. പാലായിലെ ഒരു വാടകമുറിയില്‍ പൊൻകുന്നം വർക്കി അധ്യക്ഷനായ യോഗത്തില്‍ പ്രഫ. ജോസഫ് മുണ്ടശേരിയാണ് ‘ഓശാന’ ഉദ്‌ഘാടനം ചെയ്‌തത്. സഭയുടെ നിയമക്കുരുക്കുകളില്‍ പെട്ട വിവാഹങ്ങളുടെയും ശവസംസ്‌കാരങ്ങളുടെയും കാർമികനായി അദ്ദേഹം.
2008ൽ ഭാര്യ കൊച്ചുറാണി മരിച്ചപ്പോൾ അവർക്ക് ഇടമറ്റത്തെ സ്വന്തം മണ്ണില്‍ ചിതയൊരുക്കി ദഹിപ്പിക്കാനും പുലിക്കുന്നേല്‍ മടിച്ചില്ല. ആ മണ്ണില്‍ തന്നെയും ദഹിപ്പിക്കണമെന്ന് മരണപത്രത്തില്‍ കുറിക്കുകയും ചെയ്‌തു. സ്‌നേഹസാന്ത്വനത്തിനായി അദ്ദേഹം ഗുഡ് സമരിറ്റല്‍ പ്രോജക്‌ട് ഇന്ത്യയ്‌ക്കു രൂപം നൽകി.
പാലാ ഇടമറ്റത്തെ ഓശാനക്കുന്നിലെ വേഡ് ആൻഡ് ഡീഡ് ആശുപത്രി, പാലിയേറ്റീവ് കാൻസർ കെയർ ഹോം, ജൂവനൈൽ ഡയബറ്റിക് ഹോം എന്നിവ ഒട്ടേറെ പേർക്കു സാന്ത്വനമാകുന്നു. ക്രിസ്‌ത്യന്‍ റിഫർമേഷൻ ലിറ്ററേച്ചർ സൊസൈറ്റി, ഭാരതീയ ക്രൈസ്‌തവ പഠനകേന്ദ്രം എന്നിവയും വിജ്‌ഞാനത്തിന്റെ സ്വതന്ത്ര കൈവഴികള്‍ തുറക്കുന്നു.
എഴുപത്തഞ്ചാം വയസില്‍ ‘ഓശാന’യുടെ ചുമതലയൊഴിഞ്ഞ അദ്ദേഹം തന്റെ സ്വത്തുക്കളും വരുമാനവുമെല്ലാം പുലിക്കുന്നേൽ ഫൗണ്ടേഷനും ഓശാനക്കുന്നിലെ സ്‌ഥാപനങ്ങൾക്കുമായി എഴുതിവയ്‌ക്കുകയും ചെയ്‌തു. പ്രൈവറ്റ് കോളേജ് അധ്യാപകന്റെ സ്മരണകള്‍ (ആത്മകഥ), കൈരള ക്രൈസ്തവ ചരിത്രം- ചില വിയോജനക്കുറിപ്പുകള്‍, ഉദയംപേരൂര്‍ സുനഹദോസ്- ഒരു ചരിത്രവിചാരണ തുടങ്ങിയവ ജോസഫ് പുലിക്കുന്നേലിന്റെ കൃതികളാണ്.