പാമോയില്‍ കേസ്: ജിജി തോംസണെ മന്ത്രിസഭായോഗത്തില്‍ നിർത്തിപ്പൊരിച്ചു

ജിജി തോംസണ്‍ , പാമോയില്‍ കേസ് , ചീഫ് സെക്രട്ടറി , മേശ് ചെന്നിത്തല
തിരുവനന്തപുരം| jibin| Last Updated: ബുധന്‍, 3 ജൂണ്‍ 2015 (15:55 IST)
പാമോയിൽ കേസ് സംബന്ധിച്ച് പ്രസ്താവന നടത്തി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയ ചീഫ് സെക്രട്ടറി ജിജി തോംസണെ ഇന്ന് ചേര്‍ന്ന് മന്ത്രിസഭായോഗത്തില്‍ നിർത്തിപ്പൊരിച്ചു. പാമോയില്‍ കേസുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി പറഞ്ഞ കാര്യങ്ങള്‍ അനാവശ്യമാണ്. പ്രസ്താവ തെറ്റിദ്ധാരണയുണ്ടാക്കുന്നതാണെന്നും മന്ത്രിസഭായോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.

രാവിലെ ചേര്‍ന്ന യോഗത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് ചീഫ് സെക്രട്ടറിക്കെതിരെ ആദ്യം രംഗത്ത് എത്തിയത്. തുടര്‍ന്ന് മറ്റ് മന്ത്രിമാരും വിഷയം ഏറ്റുപിടിക്കുകയായിരുന്നു. ജിജിയുടെ പ്രസ്താവന അനാവശ്യവും സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നതുമാണ്. അരുവിക്കര ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വേളയില്‍ സർക്കാരിനെ വെട്ടിലാക്കുകയാണോ ചീഫ് സെക്രട്ടറിയുടെ ലക്ഷ്യം. സര്‍ക്കാരിന്റെ അവസാന വര്‍ഷത്തില്‍ പാമോയില്‍ പോലെയൊരു സുപ്രധാനമായ കേസില്‍ പ്രസ്താവന നടത്തിയത് തെറ്റാണെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.

ഇതോടെ മന്ത്രിമാരും ജിജിയുടെ പ്രസ്താവനയ്ക്കെതിരെ രംഗത്ത് വന്നു. ജിജിയുടെ പ്രസ്താവന തെറ്റിദ്ധാരണ പരത്തുന്നതാണെന്നും സർക്കാരിനെ അത് പ്രതിരോധത്തിൽ ആക്കിയെന്നും മന്ത്രിമാർ അഭിപ്രായപ്പെട്ടു. പാമോയിൽ കേസ് കോടതിയുടെ പരിഗണനയിൽ ഇരിക്കുന്പോൾ ഇത്തരം പ്രസ്താവനകൾ ഉത്തരവാദപ്പെട്ട ഒരു ഉദ്യോഗസ്ഥൻ നടത്തരുതായിരുന്നു എന്നും മന്ത്രിമാർ പറഞ്ഞു.

എന്നാല്‍ താന്‍ സര്‍ക്കാരിനെ വെട്ടിലാക്കാന്‍ മനപൂര്‍വം ഒന്നും പറഞ്ഞിട്ടില്ലെന്നാണ് ചീഫ് സെക്രട്ടറി വിശദീകരിച്ചത്. മാധ്യമപ്രവര്‍ത്തകര്‍ കേസിനെക്കുറിച്ച് ചോദിച്ചപ്പോള്‍ തന്റെ ഭാഗം വിശദീകരിക്കുക മാത്രമാണ് ചെയ്തത്. ഇത് ഇത്തരത്തില്‍ വിവാദമാകുമെന്ന് കരുതിയില്ല. പാമോയിൽ ഇറക്കുമതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ വ്യക്തിപരമായ നിലപാടുകൾക്ക് പ്രസക്തിയില്ലെന്ന് പറയാനാണ് താൻ ശ്രമിച്ചത്. എന്നാൽ, അങ്ങനെയല്ല മാദ്ധ്യമങ്ങളിൽ വാർത്ത വന്നതെന്നും ജിജി തോംസൺ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :