തിരുവനന്തപുരം|
Last Modified ശനി, 4 ഒക്‌ടോബര്‍ 2014 (14:25 IST)
സുപ്രസിദ്ധ ഗായകന്‍ യേശുദാസിന്റെ ജീന്‍സ് പരാമര്‍ശത്തിനെതിരേ ദേശീയ വനിത കമ്മീഷനും രംഗത്ത്. ഗായകന്റെ പരാമര്‍ശം ദൗര്‍ഭാഗ്യകരമായി പോയി എന്നും അദ്ദേഹത്തെ പോലെ മഹാനായ ഗായകന്‍ ഇത്തരമൊരു പരാമര്‍ശം നടത്തരുതായിരുന്നുവെന്നും ദേശീയ വനിത കമ്മീഷന്‍ അധ്യക്ഷ ലളിതാ കുമാരമംഗലം പറഞ്ഞു. ധാര്‍മ്മികതയ്‌ക്ക് നിരക്കുന്ന വാക്കുകളായിരുന്നില്ല അതെന്നും വനിതാ കമ്മീഷന്‍ ചൂണ്ടിക്കാട്ടി. സ്‌ത്രീകള്‍ ജീന്‍സ് ധരിച്ച് മറ്റുളളവരെ വിഷമിപ്പിക്കരുതെന്നായിരുന്നു യേശുദാസിന്റെ പ്രസ്‌താവന.
ആകര്‍ഷണീയത കൊടുത്ത് വേണ്ടാതീനം ചെയ്യിപ്പിക്കാന്‍ ശ്രമിക്കരുത്. മറയ്‌ക്കാനുളളത് മറച്ചുവയ്‌ക്കണം. മറയ്‌ക്കുന്നതിനെ ഉള്‍ക്കൊളളുന്നതാണ് നമ്മുടെ സംസ്‌കാരമെന്നും യേശുദാസ് പറഞ്ഞത് വന്‍വിവാദമായി മാറിയിരുന്നു.
നിരവധി സ്‌ത്രീപക്ഷ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളും യേശുദാസിനെതിരെയുള്ള പോസ്റ്റുകളും വിമര്‍ശനങ്ങളും കൊണ്ട് നിറയുകയാണ്.