അവസാന മണിക്കൂറിലെ രാജി ജലീലിന്റെ പൂഴിക്കടകനോ? എല്‍ഡിഎഫ് തുടര്‍ഭരണ സാധ്യത ഉറപ്പിക്കുകയാണോ?

നെല്‍വിന്‍ വില്‍സണ്‍| Last Modified ചൊവ്വ, 13 ഏപ്രില്‍ 2021 (13:56 IST)

ബന്ധുനിയമന വിവാദത്തെ തുടര്‍ന്നാണ് കെ.ടി.ജലീല്‍ മന്ത്രിസ്ഥാനം രാജിവച്ചത്. എതിരാളികള്‍ക്കെതിരെ ഒരു പൂഴിക്കടകനായി ഈ രാജിയെ മാറ്റാനാണ് ജലീല്‍ ശ്രമിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതിനാലും സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തിയാകാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം ശേഷിക്കുന്ന സാഹചര്യത്തിലും ഈ രാജികൊണ്ട് പ്രതിപക്ഷത്തിനു യാതൊരു ഗുണവുമില്ലെന്നാണ് എല്‍ഡിഎഫും വിലയിരുത്തുന്നത്.

ബന്ധുനിയമനത്തില്‍ ജലീല്‍ കുറ്റക്കാരനാണെന്നും മന്ത്രി സ്ഥാനം രാജിവയ്ക്കണമെന്നുമുള്ള ലോകായുക്ത ഉത്തരവാണ് ഇപ്പോഴത്തെ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് കാരണം. ലോകായുക്ത ഉത്തരവ് മറികടക്കാന്‍ ജലീല്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കോടതിയില്‍ നിന്ന് ക്ലീന്‍ ചിറ്റ് കിട്ടുമെന്ന വിശ്വാസത്തിലാണ് ജലീലിന്റെ ഇപ്പോഴത്തെ രാഷ്ട്രീയ നീക്കങ്ങള്‍. ക്ലീന്‍ ചിറ്റ് ലഭിക്കുകയും എല്‍ഡിഎഫിന് തുടര്‍ഭരണം കിട്ടുകയും ചെയ്താല്‍ അടുത്ത മന്ത്രിസഭയിലോ സ്പീക്കറുടെ കസേരയിലോ ജലീല്‍ ഉണ്ടായിരിക്കുമെന്നാണ് ഇടത് ക്യാംപുകള്‍ അവകാശപ്പെടുന്നത്. രാഷ്ട്രീയ എതിരാളികള്‍ക്ക് താല്‍ക്കാലിക ആശ്വാസം മാത്രമായിരിക്കും ഈ രാജിയെന്ന് ജലീല്‍ പ്രതികരിച്ചതും അതിനാലാണ്. 'എന്റെ രക്തം ഊറ്റിക്കുടിക്കാന്‍ വെമ്പുന്നവര്‍ക്ക് തല്‍ക്കാലം ആശ്വസിക്കാം,' എന്നാണ് ജലീല്‍ രാജിക്കത്ത് കൈമാറിയ ശേഷം ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്.

ഹൈക്കോടതിയില്‍ നിന്ന് ക്ലീന്‍ ചിറ്റ് ലഭിച്ചാല്‍ പൂര്‍വാധികം ശക്തിയോടെ മടങ്ങിയെത്താമെന്നും മുന്നണിയില്‍ കൂടുതല്‍ ശക്തിയാര്‍ജ്ജിക്കാമെന്നും ജലീല്‍ കണക്കുകൂട്ടുന്നു. ധാര്‍മികമായ വിഷയങ്ങള്‍ മുന്‍നിരത്തിയാണ് താന്‍ രാജിവയ്ക്കുന്നതെന്ന് ജലീല്‍ രാജിക്കത്തില്‍ പറഞ്ഞിട്ടുമുണ്ട്.

സ്വര്‍ണക്കടത്ത് കേസില്‍ അടക്കം നേരത്തെ ജലീല്‍ പ്രതിസന്ധിയിലായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പായിരുന്നു സ്വര്‍ണക്കടത്ത്, ഖുര്‍ആന്‍ വിവാദം തുടങ്ങിയവ ജലീലിനെ അലട്ടിയിരുന്നത്. അപ്പോള്‍ പോലും എല്‍ഡിഎഫോ സിപിഎമ്മോ ജലീലിനോട് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല. ജലീലിനെ സംരക്ഷിക്കുന്ന നിലപാടായിരുന്നു മുന്നണിക്കും സിപിഎമ്മിനും. അത്ര വലിയ പ്രതിസന്ധി സമയത്ത് പോലും ജലീലിനെ പിന്തുണച്ച പാര്‍ട്ടിയും മുന്നണിയും തിരഞ്ഞെടുപ്പ് കഴിഞ്ഞതിനു ശേഷം ഇങ്ങനെയൊരു നീക്കം നടത്തിയത് എന്തിനാകുമെന്ന് രാഷ്ട്രീയ എതിരാളികളും സസൂക്ഷ്മം വീക്ഷിക്കുകയാണ്.

ഹൈക്കോടതിയില്‍ നിന്ന് ക്ലീന്‍ ചിറ്റ് ലഭിക്കുമെന്ന് തന്നെയാണ് സര്‍ക്കാരിന്റെയും വിലയിരുത്തല്‍. ക്ലീന്‍ചിറ്റ് ലഭിക്കുന്നതുവരെ ജലീലിനെ പുറത്തുനിര്‍ത്തുകയും ശേഷം തുടര്‍ഭരണം ലഭിച്ചാല്‍ കൂടുതല്‍ ശക്തമായ തിരിച്ചുവരവിന് വഴിയൊരുക്കുകയുമാണ് സിപിഎമ്മും ഇടതുമുന്നണിയും ലക്ഷ്യമിടുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :