ജീവിച്ചിരുന്നെങ്കില്‍ ഞങ്ങളുടെ പിതാവിന് 100 വയസ്സിനു മേലെ പ്രായം ഉണ്ടായിരുന്നേനെ, വിവാഹം കഴിച്ചത് വളരെ വൈകി; കുപ്രചരണങ്ങള്‍ക്ക് മറുപടിയുമായി ജെയ്ക്കിന്റെ സഹോദരന്‍

രേണുക വേണു| Last Modified ശനി, 19 ഓഗസ്റ്റ് 2023 (09:21 IST)

കുപ്രചരണങ്ങള്‍ക്ക് മറുപടിയുമായി പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസിന്റെ സഹോദരന്‍ തോമസ് സി തോമസ്. ജെയ്ക് അനധികൃതമായി കോടികള്‍ സമ്പാദിച്ചെന്ന് അടക്കമുള്ള ആരോപണങ്ങള്‍ക്ക് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ജെയ്ക്കിന്റെ സഹോദരന്‍ മറുപടി നല്‍കിയത്. തങ്ങളുടെ പിതാവിന്റെ പ്രായവുമായി ബന്ധപ്പെട്ട് നടക്കുന്നത് കുപ്രചരണങ്ങള്‍ ആണെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ജെയ്ക്കിന്റെ സഹോദരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം

പ്രിയരേ

ഞാന്‍ ഒരു സജീവ രാഷ്ട്രീയ പ്രവര്‍ത്തകനോ പ്രചാരകനോ അല്ല. എല്ലാ രാഷ്ട്രീയത്തില്‍ പെട്ട ആളുകളെയും ബഹുമാനിക്കുന്ന സ്‌നേഹിക്കുന്ന സാധാരണക്കാരനായ ഒരു ദൈവവിശ്വാസിയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എന്റെ സഹോദരനും പുതുപ്പള്ളി മണ്ഡലത്തിലെ ഇടത് പക്ഷ സ്ഥാനാര്‍ത്ഥിയുമായ ജയ്ക്ക് സി തോമസിനെ വ്യക്തിപരമയി അധിക്ഷേപിക്കുന്ന പോസ്റ്റുകള്‍ കാണാനിടയായി. ജയ്ക്ക് അനധികൃതമായി കോടികള്‍ സമ്പാദിച്ചെന്നും മറ്റുമൊക്കെ ഉള്ള ആരോപണങ്ങളോട് പ്രതികരിക്കേണ്ടന്നാണ് ജയ്ക്ക് ഉള്‍പ്പടെ പറഞ്ഞത്. പക്ഷെ ഞങ്ങളുടെ പിതാവിന്റെ പ്രായത്തെ വരെ മോശമായി ചിത്രീകരിക്കുന്നത് കണ്ടപ്പോള്‍ മിണ്ടാതിരിക്കാനായില്ല. എല്ലാവരുടെയും സംശയങ്ങള്‍ തീര്‍ക്കുന്നതിനായി ചില കാര്യങ്ങള്‍ പങ്കു വയ്ക്കുകയാണ്.

1. ഞങ്ങളുടെ പിതാവിന്റെ പ്രായത്തെ സംബന്ധിച്ച് ?

ജീവിച്ചിരുന്നെങ്കില്‍ ഞങ്ങളുടെ പിതാവിന് ഇപ്പോള്‍ 100 വയസ്സിനു മേലെ പ്രായം ഉണ്ടാകുമായിരുന്നു. 2011-ല്‍ അദ്ദേഹം മരിക്കുമ്പോള്‍ 89 വയസ്സയിരുന്നു. അദ്ദേഹം വിവാഹം കഴിച്ചത് വളരെ വൈകി ആണ്. മലങ്കര യാക്കോബായ സഭയിലെ അഭിവന്ദ്യ മെത്രപ്പോലീത്ത ആയിരുന്ന പെരുമ്പള്ളി തിരുമേനിയുമായി അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ടായിരുന്നു. വൈകിയ വേളയിലും അദ്ദേഹത്തെ വിവാഹത്തിന് നിര്ബന്ധിച്ചതും അതിനു മുന്‍കൈ എടുത്തതും തിരുമേനിയാണ്. ഫാ ഗീവര്ഗീസ് ചട്ടത്തില്‍ അച്ഛന്റെ കാര്‍മികത്വത്തില്‍ നടന്ന വിവാഹത്തില്‍ തിരുമേനി പങ്കെടുത്തില്ലെങ്കിലും പിന്നീട് എന്റെ മാമോദിസ നടത്തിയത് അദ്ദേഹമായിരുന്നു.
എന്റെ പിതാവിന്റെ
വര്ധക്യ കാലത്ത് ഉണ്ടായ മക്കളാണു ഞങ്ങള്‍ രണ്ടു പേരും.

2. ജൈക്കിന്റെ സ്വത്തിനെ സംബന്ധിച്ച്

എന്റെ പിതാവിന്റെമാതാവും പിതാവും അവരുടെ അയ്മനത്തെ വീട് വിറ്റു 1930-കളില്‍ മണര്‍കാട് എത്തി സ്ഥലം വാങ്ങി. അന്ന് വാങ്ങിയ സ്ഥലത്തിന് മുന്നിലൂടെ കെ കെ റോഡ് വന്നത് പിന്നെയാണ്.സ്വാതന്ത്ര്യത്തിനു
മുമ്പ് അദ്ദേഹം കോട്ടയം ചന്തയില്‍ ബിസിനസ് ആരംഭിച്ചു പിന്നീട് ഇവിടെ മണര്കാട്ട് സ്വന്തമായി ചെരുപ്പു കമ്പനിയും തുടങ്ങി. പിന്നീട് 2005-ല്‍ അദ്ദേഹം വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നു ബിസിനസ് അവസാനിപ്പിച്ചു. അന്ന് ഞങ്ങള്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ആയിരുന്നു. പിന്നീട് ഞാന്‍ 2010-ല്‍ അടച്ചു പോയ കട തുറന്നു നടത്താന് ആരംഭിച്ചു. ജയ്ക്ക് പിന്നീടാണ് സജീവ രാഷ്ട്രീയ പ്രവര്‍ത്തകന്‍ ആകുന്നത്. 2019-ല്‍ ജയ്ക്കും വിവാഹിതനായ ശേഷം ഞാന്‍ മണര്‍കാട്ടെ ഞങ്ങളുടെ സ്ഥലത്തു തറവടിന്റെ മുന്നിലായി ബാങ്ക് ലോണ്‍ എടുത്തു വീട് വച്ച് മാറി. അതിനു മുമ്പ് തന്നെ പിതാവിന്റെ സ്വത്ത് രണ്ടു മക്കള്‍ക്കുമായി 'അമ്മ പകുത്തു തന്നു. ഇപ്പോള്‍ അമ്മയും ജയ്ക്കും ഗീതുവും തറവാടിലും ഞാനും കുടുംബവും ഞങ്ങളുടെ വീട്ടിലും ഒരേ മനസ്സൊടെ ഒരുമയൊടെ ജീവിക്കുന്നു. ഹൈ വെ സൈഡില്‍ ഇരിക്കുന്ന ഭൂമിക്കു വിലകൂടുക സ്വാഭാവികം ആണ്. ഇതൊക്കെ ഈ നാട്ടിലെ കോണ്‍ഗ്രെസ്സുകാര് ഉള്‍പ്പടെ ഉള്ളവര്‍ക്ക് അറിയാവുന്ന കര്യവുമാണ്. നിങ്ങള്‍ക്കു ആര്‍കെങ്കിലും ഇത് സംബന്ധിച്ച് എന്തെങ്കിലും രേഖകള്‍ ആവശ്യമുണ്ടെങ്കില്‍ ഞാന്‍ നല്‍കാം.

ജയിക്കിനെ നിങ്ങള്‍ക്കു വിമര്‍ശിക്കാം എതിര്‍ക്കാം. പക്ഷെ ഞങ്ങളുടെ പിതാവിനെ വെറുതെ വിടുക. സോഷ്യല്‍ മീഡിയയില്‍ ഇല്ലെങ്കിലും ഞങ്ങളുടെ അമ്മയും ഇതൊക്കെ അറിയുകയും വേദനിക്കുകയും ചെയ്യുന്നുണ്ട്. എഴുതാനും വായിക്കാനും അറിയില്ലയിരുന്നെങ്കിലും ഞങ്ങളുടെ അച്ച പറഞ്ഞു തന്ന
ഒരു കാര്യമുണ്ട്. ഒരിക്കലും കള്ളത്തരം കാണിക്കരുതെന്നു. ചിറയില്‍ തോമസിന്റെ മക്കള്‍ അങ്ങനെ കള്ളത്തരം ചെയ്യുന്നവരാണെന്നു ഇന്നാട്ടുകാര്‍ ഒരിക്കലും പറയില്ലെന്ന് ഞങ്ങള്‍ക്ക് ഉറപ്പുമുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :