തിരുവനന്തപുരം|
jibin|
Last Modified വ്യാഴം, 20 ഒക്‌ടോബര്‍ 2016 (15:25 IST)
വിജിലന്‍സ് മേധാവി സ്ഥാനത്തു നിന്നും നീക്കണമെന്ന് ജേക്കബ് തോമസ് ആവശ്യപ്പെടാന്‍ കാരണം പ്രതിപക്ഷത്തിന്റെ സഹായത്തോടെ ഐഎഎസ് - ഐപിഎസ് ലോബി ഉന്നയിച്ച അഴിമതിയാരോപണങ്ങളെന്ന് റിപ്പോട്ട്. തേജോവധം ചെയ്യാന്‍ ഉന്നതതല നീക്കം നടക്കുന്നതായും അഴിമതിക്കാരന്‍ എന്ന ലേബല്‍ ചാര്‍ത്തിത്തരാന്‍ അണിയറയില്‍ ശക്തമായ നീക്കം നടക്കുന്നതായും വ്യക്തമായതിനാലാണ് പദവിയൊഴിയാന്‍ ജേക്കബ് തോമസ് താല്‍പ്പര്യം കാണിച്ചത്.
ജേക്ക് തോമസിന്റെ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന കോണ്‍ഗ്രസിനെ ഇല്ലാതാക്കുമെന്നു പോലും പ്രതിപക്ഷത്തെ ചിലര്‍ വിശ്വസിക്കുന്നുണ്ട്. കെ ബാബു അടക്കമുള്ള കോണ്‍ഗ്രസിനെ വമ്പന്മാര്‍ക്ക് നേരെ ജേക്കബ് തോമസ് അന്വേഷണം നടത്തിയാല്‍ കാര്യങ്ങള്‍ കൈവിട്ടു പോകുമെന്ന് പ്രതിപക്ഷത്തിന് ഉറപ്പുണ്ട്. ഈ സാഹചര്യത്തില്‍ വിജിലന്‍സ് മേധാവിയുമായി അകന്നു നില്‍ക്കുന്ന ഐഎഎസ് - ഐപിഎസ് ലോബികളെ കൂട്ടു പിടിച്ച് പ്രതിപക്ഷം നടത്തിയ അഴിമതിയാരോപണങ്ങളാണ് ജേക്കബ് തോമസിനെ വേദനിപ്പിച്ചത്.
ഭരണതലപ്പത്തുള്ള അഞ്ചോളം ഐഎഎസുകാര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്തുന്നുണ്ട്. അത്രയും തന്നെ ഐപിഎസുകാരും അന്വേഷണം നേരിടുന്നുണ്ട്. ഇവരെ കൂട്ടു പിടിച്ചാണ് പ്രതിപക്ഷം ജേക്കബ് തോമസിനെതിരെ കളികള്‍ കളിക്കുന്നത്.
കര്‍ണാടകയിലുള്ള ഭൂമി സംബന്ധിച്ചും അവധിയെടുത്ത് കൊല്ലം ടികെഎം എന്‍ജിനീയറിംഗ് കോളജില്‍ അധ്യാപകനായി പ്രവര്‍ത്തിച്ചപ്പോള്‍ രണ്ടു ശമ്പളം കൈപ്പറ്റിയെന്നതടക്കമുള്ള ആരോപണം സജീവമാക്കാനാണ് പ്രതിപക്ഷത്തിന്റെ സഹായത്തോടെ ഐഎഎസ് - ഐപിഎസ് ലോബികള്‍ ഇപ്പോള്‍ ശ്രമിക്കുന്നത്.