തൊടുപുഴ|
jibin|
Last Updated:
ശനി, 4 ഓഗസ്റ്റ് 2018 (15:23 IST)
തൊടുപുഴ കമ്പകക്കാനത്ത് നടന്ന കൂട്ടക്കൊല വിരല്‍ ചൂണ്ടുന്നത് ദുർമന്ത്രവാദത്തിലേക്ക്. കൊല്ലപ്പെടുന്നതിന് മുമ്പായി കൃഷ്‌ണന്‍ ആഭിചാരക്രിയകൾ പഠിക്കാന്‍ തമിഴ്‌നാട്ടിലേക്ക് പോയിരുന്നതായി
ഇയാളുടെ ഡയറിയില്‍ നിന്ന് പൊലീസിന് വ്യക്തമായി.
ദുർമന്ത്രവാദം നടത്തുന്നതിനൊപ്പം നിധി കണ്ടെടുക്കൽ പൂജയും കൃഷ്ണൻ നടത്തിയിരുന്നു. നിധി കണ്ടെത്തുന്നതിന് ആഭിചാര ക്രിയകൾ ചെയ്യാൻ ഇയാള്‍ തമിഴ്നാട്ടിൽ സ്ഥിരമായി പോയിരുന്നു. നിരവധിയാളുകള്‍ പൂജകള്‍ക്കായി തൊടുപുഴയിലെ വീട്ടില്‍ എത്തിയിരുന്നുവെങ്കിലും തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള ഔഡി കാറില്‍ ഒരാള്‍ പതിവായി
എത്തിയിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
കൃഷ്‌ണനൊപ്പം പ്രവര്‍ത്തിച്ചിരുന്ന മൂന്നു മന്ത്രവാദികളെ കഴിഞ്ഞ ദിവസം പൊലീസ് വിളിച്ചുവരുത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞിരുന്നു. ഇവരില്‍ നിന്നുമാണ് ആഭിചാരക്രിയകളുമായും പുറത്തു നിന്നുമെത്തുന്ന ആളുകളെക്കുറിച്ചും വിവരങ്ങള്‍ ലഭിച്ചത്.
നിധി കണ്ടെത്തി തരാമെന്ന് വാഗ്ദാനം ചെയ്‌ത് കൃഷ്‌ണന്‍ പലയിടങ്ങളിലും പോയി മന്ത്രവാദം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതുമായി ബന്ധപ്പെട്ട് പണം മുടക്കിയ ചിലര്‍ക്ക് ഇയാളുമായി ശത്രുതയുണ്ടായിരുന്നതായും പൊലീസ് കണ്ടെത്തി.
ഇതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കങ്ങളില്‍ കൃഷ്‌ണന്‍ ആരെയൊക്കെയോ ഭയന്നിരുന്നു. ഇവരില്‍ നിന്നും ആക്രമണം ഉണ്ടായാല്‍ നേരിടുന്നതിനു വേണ്ടിയാണ് വീട്ടില്‍ മാരകായുധങ്ങൾ കരുതിവച്ചത്. ഈ ആയുധങ്ങൾ വച്ചുതന്നെയാണ് കൊലയാളികൾ കൃഷ്‌ണനെയും കുടുംബത്തെയും കൊലപ്പെടുത്തിയത്.
ഇതിനകം തന്നെ കേസിൽ രണ്ടുപേരെ കസ്റ്റഡിയിലെടുത്തിരുന്നു. കൃഷ്ണനുമായി അടുത്തുപരിചയമുള്ളവരാണ് പിടിയിലായത്. കസ്റ്റഡിയിലുള്ള രണ്ടുപേരിൽ ഒരാൾ നെടുംകണ്ടം സ്വദേശിയാണ്. ഇയാൾക്ക് സ്ഥലവിൽപ്പനയുമായി ബന്ധപ്പെട്ടു കൊല്ലപ്പെട്ട കൃഷ്ണനുമായി തർക്കമുണ്ടെന്നും പൊലീസിനു സൂചനയുണ്ട്. 15 പേരെ ചോദ്യം ചെയ്തതിൽനിന്നു സംശയം തോന്നിയവരെയാണു കസ്റ്റഡിയിൽ എടുത്തത്.
കൊല്ലപ്പെട്ട കൃഷ്ണന്റെ അടുപ്പക്കാരനായ നെടുങ്കണ്ടം സ്വദേശിയില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. കൊല നടന്ന വീടിനുള്ളില്‍ നിന്ന് ആറുപേരുടെ വിരലടയാളങ്ങള്‍ കണ്ടെത്തുകയും ഇത് കൊലയാളികളുടേതാണെന്ന് പൊലീസ് സംശയിക്കുന്നതായും വ്യക്തമാക്കി.