ഇടുക്കി|
സജിത്ത്|
Last Modified ഞായര്‍, 8 മെയ് 2016 (12:31 IST)
ശക്തമായ ത്രികോണമത്സരത്തിന് വേദിയാകുന്ന മണ്ഡലമാണ് ഇടുക്കി നിയോജകമണ്ഡലം. കേരളാ കോണ്‍ഗ്രസ്സിലെ രണ്ട് പ്രമുഖ സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നു എന്ന പ്രത്യേകതയാണ് ഇത്തവണ മണ്ഡലത്തിനുള്ളത്. യു ഡി എഫിന്‍റെ ഉറച്ചകോട്ടകളില്‍ ഒന്നാണ് ഇടുക്കി നിയോജകമണ്ഡലം. കഴിഞ്ഞ മൂന്നു നിയമസഭാ തിരഞ്ഞെടുപ്പുകളിലും വന്‍ ഭൂരിപക്ഷത്തിലാണ് കേരളാകോണ്‍ഗ്രസ്സ് മാണി വിഭാഗം നേതാവ് റോഷി അഗസ്റ്റിന്‍ ഇവിടെ വിജയിച്ചിരുന്നത്. നാലാമതൊരു വിജയത്തിനായി റോഷിയെ തന്നെ യു ഡി എഫ് ഇത്തവണയും കളത്തിലിറക്കിയിരിക്കുന്നത്.
ജനാധിപത്യ കേരളാകോണ്‍ഗ്രസ്സിന്‍റെ ഫ്രാന്‍സിസ് ജോര്‍ജ്ജാണ് എല്‍ ഡി എഫ് സ്ഥാനാര്‍ഥി. മുന്‍പ് ലോകസഭയിലേക്ക് രണ്ട് തവണ ഇടുക്കിയെ പ്രതിനിധീകരിച്ചിട്ടുള്ള ഫ്രാന്‍സിസ് ജോര്‍ജ്ജിനും അദ്ദേഹം ചെയര്‍മാനായ ജനാധിപത്യ കേരളാകോണ്‍ഗ്രസ്സിനും വിജയം അനിവാര്യമാണ്. അതുകൊണ്ടു തന്നെ ശക്തമായ പ്രചാരണമാണ് മണ്ഡലത്തില്‍ അദ്ദേഹം നടത്തുന്നത്.
എന്‍ ഡി എ ഘടകകഷിയായ ബി ഡി ജെ എസ് ശക്തമായ സാന്നിധ്യമാണ് മണ്ഡലത്തില്‍ ഉടനീളം കാഴ്ച്ചവെക്കുന്നത്. 44500 ഈഴവ വോട്ടുകള്‍ ഉള്ളമണ്ഡലത്തില്‍ ഹൈന്ദവവോട്ടുകളുടെ ഏകീകരണം ഉണ്ടായാല്‍ അത്ഭുതം സംഭവിക്കുമെന്ന് അവര്‍ കണക്കുകൂട്ടുന്നു. മൂന്നു മുന്നണികളും പ്രചാരണത്തില്‍ ഒപ്പത്തിനൊപ്പം മുന്നേറുമ്പോള്‍ ഈ മണ്ഡലത്തിലെ പ്രവചനം അസാദ്ധ്യമാകുകയാണ്.