പേമാരിക്ക് സാധ്യത; അഞ്ചുദിവസം മഴ തുടരും, ഇടിമിന്നല്‍ മുന്നറിയിപ്പ്

രേണുക വേണു| Last Modified ബുധന്‍, 20 ഒക്‌ടോബര്‍ 2021 (07:26 IST)

കേരളത്തില്‍ വരുന്ന അഞ്ച് ദിവസം കൂടി ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യത. ഇന്നും നാളെയും അതിശക്തമായ മഴ പെയ്യും. മലയോര മേഖലകളില്‍ ആയിരിക്കും കൂടുതല്‍ മഴ ലഭിക്കുക. ഒരുസ്ഥലത്ത് ചെറിയ സമയത്തില്‍ വന്‍തോതില്‍ മഴപെയ്യാനുള്ള സാധ്യതയും നിലനില്‍ക്കുന്നുവെന്നാണ് കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്.

കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് മലയോരങ്ങളിലും നദീതീരങ്ങളിലും കര്‍ശനമായ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. വാസയോഗ്യമല്ലെന്ന് കണ്ടെത്തിയ വീടുകളില്‍ താമസിക്കുന്നവരെയും നദിക്കരയില്‍ അപകടകരമായ സാഹചര്യങ്ങളില്‍ വസിക്കുന്നവരെയും മാറ്റിപ്പാര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കി. പകല്‍സമയം മഴ മാറിനില്‍ക്കുന്നതുകണ്ട് അമിത ആത്മവിശ്വാസം കാണിക്കേണ്ടതില്ല. കാലാവസ്ഥാ മുന്നറിയിപ്പുകള്‍ക്കും മാറ്റങ്ങള്‍ സംഭവിക്കാം. അതിനാല്‍ ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കാലവര്‍ഷക്കെടുതിയില്‍ ഈ മാസം 12 മുതല്‍ 19 വരെ കേരളത്തില്‍ 39 പേര്‍ മരിച്ചുവെന്ന് മന്ത്രി കെ.രാജന്‍ പറഞ്ഞു. അഞ്ച് പേരെ കണ്ടെത്താനുണ്ട്. സംസ്ഥാനത്ത് 254 ദുരിതാശ്വാസ ക്യാംപുകളിലായി 3093 കുടുംബങ്ങളിലെ 10,815 പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :